ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ചു കൊലപ്പെടുത്തിയതായി ആരോപണം. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. (Young man beaten to death by wife’s relatives in Alappuzha; police case)
ഇന്നലെയായിരുന്നു സംഭവം. ഒന്നര വർഷമായി വിഷ്ണുവുമായി പിണങ്ങിയാണ് ഭാര്യ കഴിയുന്നത്. ഇവരുടെ നാലു വയസ്സുള്ള കുട്ടിയെ ഇന്നലെ ഭാര്യ വീട്ടിൽ ഏല്പിക്കാൻ എത്തിയതാണ് വിഷ്ണു. ഈ സമയത്ത് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കം ഉണ്ടാവുകയും അര മണിക്കൂറോളം ക്രൂരമായി മർദിക്കുകയും ചെയ്തു.
തുടർന്ന് വിഷ്ണു കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ വിഷ്ണുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ അസ്വഭാവിക മരണത്തിനാണ് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.