ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ദീപാ ജോസഫ്.
നിമിഷ നൽകിയ സന്ദേശം തള്ളിക്കളയാനാകില്ല, ഈദിന് ശേഷം ഒരു പക്ഷേ വധശിക്ഷ നടപ്പാക്കാൻ നടപടികൾ തുടങ്ങാം. ഈ സാഹചര്യത്തിൽ മോചനത്തിനായി കേന്ദ്രസർക്കാർ ഉടൻ ഇടപെടണം.
ഇനി കേന്ദ്രത്തിന് മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും സഹായിക്കാനാകൂ എന്നും ദീപാ ജോസഫ് വ്യക്തമാക്കി. ഇന്നലെയാണ് ജയിൽ അധികൃതർക്ക് വധശിക്ഷയ്ക്കുള്ള അറിയിപ്പ് വന്നു എന്നുള്ള നിമിഷ പ്രിയയുടെ സന്ദേശം പുറത്തുവരുന്നത്.
ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി എത്തിയെന്നാണ് നിമിഷപ്രിയ അയച്ച സന്ദേശത്തിൽ പറയുന്നത്. നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം വന്നത്.
നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തിയ വിവരം പുറത്തുവന്നിരുന്നു. ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് ഇടപെട്ടത്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തിയത്.
നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചർച്ചയായെന്ന് ഇറാൻ വിദേശകാര്യമന്ത്രിയാണ് ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നൽകിയതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
–









