പെരുമ്പാവൂർ വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 171 ആയി. വീട്ടമ്മ മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയുന്ന പെണ്‍കുട്ടി അടക്കം മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ആയിരിക്കണക്കിന് പേർ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഏക ജലസ്രോതസ്സിൽ നിന്നുള്ള വെള്ളം ശുചിയാക്കാതെ വാട്ടർ അതോറിറ്റി പമ്പ് ചെയ്തതാണ് രോഗബാധയ്ക്ക് കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. ഹെപ്പറൈറ്റിസ് എ എന്ന വൈറസ് ബാധയാണ് പടർന്നു പിടിക്കുന്നത്.
ഏപ്രിൽ 17ന് വെങ്ങൂർ പഞ്ചായത്തിലെ വാർഡ് 12 കൈപ്പിള്ളിയിലെ ഒരു വീട്ടിലാണ് ഒരാൾക്ക് രോഗബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്. പഞ്ചായത്തിലെ ആറ് വാർഡുകളിലായി രോഗബാധിതരുടെ എണ്ണം 171 ആയി. വെങ്ങൂരിലെ കൈപ്പിള്ളി (12–ാം വാർഡ്), ചൂരത്തോട് (11–ാം വാർഡ്), വക്കുവള്ളി (10–ാം വാർഡ്), വെങ്ങൂർ (9–ാം വാർഡ്), ഇടത്തുരുത്ത് (8–ാം വാർഡ്) എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നത്. രണ്ട് സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്ന് പേരിൽ ഒരു പെൺകുട്ടിയുടെ ജീവൻ നിലനിർത്തുന്നത് വെൻറിലേറ്റർ സഹായത്തിലൂടെയാണ്. ഈ പെൺകുട്ടിയുടെ ചികിത്സക്കായി അടിയന്തരമായി 5 ലക്ഷം രൂപ അടിയന്തിരമായി ആവശ്യമുണ്ട്. ഇതിനായി ചികിത്സാ സഹായ നിധി രൂപീകരിക്കാൻ ഞായറാഴ്ച പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.
ആശുപത്രിയിൽ കഴിയുന്നവർക്ക് ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു. വാട്ടർ അതോറിറ്റിയാണ് സംഭവത്തിെല വില്ലൻ എന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ആരോപിക്കുന്നു. സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധ നിയന്ത്രണവിധേയമാക്കാൻ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.