തിരുവനന്തപുരം: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്നു. മൂന്ന് സന്നാഹ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഹൈദരാബാദിൽ ന്യൂസിലൻഡ് പാകിസ്താനെയും, ഗുവാഹത്തിയിൽ ശ്രീലങ്ക ബംഗ്ലാദേശിനേയും നേരിടും. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് പോരാട്ടം. ഇന്ത്യയുടെ സന്നാഹ മത്സരത്തിൽ നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി നടക്കും. നാളെ ഉച്ചക്ക് രണ്ട് മണിക്ക് ഗുവാഹത്തിയിൽ വെച്ചാണ് മത്സരം. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ആശങ്കയും നിലനിൽക്കുന്നുണ്ട്. സന്നാഹ മത്സരങ്ങള്‍ക്ക് വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കുകയും പ്രവേശനം സൗജന്യമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ ലോകകപ്പ് ടീമിൽ അക്സര്‍ പട്ടേലിനെ ഒഴിവാക്കി ആര്‍ അശ്വിനെ ഉൾപ്പെടുത്തിയിരുന്നു. പരിക്കുമൂലം ആണ് അക്സറിന് ടീമിൽ ഇടം നേടാൻ കഴിയാതെ വന്നത്. അശ്വിൻ ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കും. ഒക്ടോബര്‍ അഞ്ചിന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് കരുത്തരായ ഓസ്ട്രേലിയക്കെതിരാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്.
Also Read: മഴയിൽ മുങ്ങി കേരളം; ജാഗ്രത തുടരണം