മംഗലംഡാമിന് സമീപം മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് കാലിൽ കുത്തിക്കയറി മൂന്നര മണിക്കൂർ മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കയറാടി സ്വദേശി കണ്ണൻ ആണ് മരിച്ചത്.
മംഗലംഡാം മണ്ണെണ്ണക്കയത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മുറിക്കുന്നതിൻ്റെ ഭാഗമായി മുകളിൽ കയറി കൊമ്പുകൾ വെട്ടുന്നതിനിടെ ശക്തമായി കാറ്റുവീശി.
കാറ്റിൽ മരക്കൊമ്പിൻ്റെ ദിശതെറ്റി കണ്ണൻ്റെ തുടയിൽ കുത്തിക്കയറി. 35 അടിയോളം ഉയരത്തിലായിരുന്നു കണ്ണൻ. പിടിവിട്ട് പോയെങ്കിലും സുരക്ഷയ്ക്കായി അരയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടന്നു.
തുടർന്ന് കണ്ണൻ കയറിൽ പിടിച്ചു മരക്കൊമ്പിൽ കയറി ഇരുന്നെങ്കിലും രക്തം വാർന്നു പോകുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വടക്കഞ്ചേരി അഗ്നിരക്ഷാ സേനയും ഡോക്ടറെ കൂട്ടി മംഗലംഡാം പോലീസും വനപാലകരും സ്ഥലത്തെത്തി.
സംഭവ സ്ഥലം പ്രധാന റോഡിൽനിന്ന് ഉള്ളിലായി കുത്തനെയുള്ള കുന്നിൻ പ്രദേശത്തായിരുന്നതിനാൽ എത്തിപ്പെടാനും പ്രയാസപ്പെട്ടു. ഇതിനിടെ കണ്ണൻ്റെ ബോധം നഷ്ടപ്പെട്ടിരുന്നു. നാല് മണിയോടെ കണ്ണനെ താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.