മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്
മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. 5 ലക്ഷം രൂപയാണ് കൈമാറിയത്. ബാക്കി തുക ഉടൻ തന്നെ നൽകാനാണ് തീരുമാനം. കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു.(Woman died in tiger attack; Emergency financial assistance was handed over)
മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് രാധ എന്ന സ്ത്രീയാണ് മരിച്ചത്. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ തോട്ടത്തിൽ കാപ്പി പറിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്.
അതേസമയം നരഭോജി കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ നാലു ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ. മേഖലയിൽ 28 കാമറകളും നാല് ലൈവ് കാമറകളും പ്രദേശത്ത് സ്ഥാപിച്ചു. രാത്രിയിലും പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു.
പഞ്ചാരക്കൊല്ലി മേഖലയില്‍ 12 ബോര്‍ പമ്പ് ആക്ഷന്‍ തോക്കുകള്‍ ഉപയോഗിച്ച് വനം വകുപ്പ് പരിശോധന നടത്തും. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വെറ്ററിനറി സംഘം പഞ്ചാരക്കൊല്ലിയിലെത്തും.