നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി 7.25 ലക്ഷം ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുമോ? വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതി യോഗത്തിൽ പങ്കെടുത്ത ശേഷം കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ രാജീവ് ശുക്ല നടത്തിയ വെളിപ്പെടുത്തൽ നൽകുന്ന സൂചനയും അതു തന്നെയാണ്. ഇന്ത്യക്കാരെ തിരിച്ചയക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്.
അമേരിക്ക നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന നിലയിൽ തിരിച്ചയച്ച 205 പേർ ഇന്ന് അമൃത്‌സറിൽ വിമാനമിറങ്ങി. രാജീവ് ശുക്ലയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നത് ഈ പശ്ചാത്തലത്തിലാണ്. എന്നാൽ 7.25 ലക്ഷം പേരെ യു.എസ് തിരിച്ചയക്കുമെന്ന രാജീവ് ശുക്ലയുടെ വിവരണത്തിന് ഔദ്യോഗികമായ പ്രതികരണമോ, സ്ഥിരീകരണമോ ഇല്ലെന്നതാണ് സത്യം.
യു.എസിൽ ഇത്രത്തോളം ഇന്ത്യക്കാർ മതിയായ രേഖകളില്ലാതെ കഴിയുന്നുവെന്ന അനുമാനങ്ങൾ ട്രംപിന്റെ നിയമവിരുദ്ധ കുടിയേറ്റ നിലപാടുകൾക്കിടയിലും ഉയർന്നു വന്നിരുന്നു.
ഇത്രയും ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്നതല്ല എന്ന പ്രശ്‌നം ഒരുവശത്തുണ്ട്. അതേസമയം, അമേരിക്കയിൽ കഴിയുന്ന ഒട്ടേറെ മലയാളികളെ ആശങ്കയിലേക്കും അനിശ്ചിതത്വത്തിലേക്കും തള്ളി വിടുന്നതാണ് പുതിയ നടപകളും പുറത്തുവരുന്ന പ്രസ്താവനകളും.
”പാർലമെന്റിന്റെ വിദേശകാര്യ മന്ത്രാലയ സമിതി യോഗത്തിൽ പങ്കെടുത്തിരുന്നു. നിയമവിരുദ്ധ താമസക്കാരെന്ന നിലയിൽ 7.25 ലക്ഷം ഇന്ത്യക്കാരെ യു.എസ് തിരിച്ചയക്കാൻ പോകുന്നുവെന്നാണ് അവിടെ നിന്ന് മനസിലാക്കാൻ കഴിഞ്ഞത്” -ശുക്ല ‘എക്‌സി’ൽ എഴുതിയത് ഇങ്ങനെയാണ്. വർഷങ്ങളായി അവിടെ കഴിയുന്നവരാണ് ഇവർ. അവർ നന്നായി സമ്പാദിക്കുന്നുമുണ്ട്. ഇന്ത്യയിൽ അവർക്ക് ഒന്നുമില്ല. ഇവിടെ തിരിച്ചെത്തിയാൽ അവർ എന്തു ചെയ്യും? ധനികരായ അവർ പൊടുന്നനെ പാവപ്പെട്ടവരായി മാറുകയാണ് -രാജീവ് ശുക്ല കുറിപ്പിൽ കൂട്ടിച്ചേർത്തു.
ഈ മാസം 12,13 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടണിലെത്തി പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ കാണാനിരിക്കേയാണ് നിരവധി പേരെ യു.എസ് തിരിച്ചയച്ചിരിക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റത്തിന് ഇന്ത്യയും എതിരാണ്. മതിയായ രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്ന എല്ലാ ഇന്ത്യക്കാരെയും സ്വീകരിക്കാൻ കേന്ദ്രം ഒരുക്കമാണെന്നും വിഷയം ഉത്തരവാദിത്തപൂർവം കൈകാര്യം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു.
യു.എസിൽ ഇന്ത്യക്കാരുടെ എണ്ണം 50 ലക്ഷത്തോളം വരും. അമേരിക്കയിലെ ഏഷ്യൻ വംശജരിൽ അഞ്ചിലൊന്നും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിൽ മൂന്നിൽ രണ്ടും കുടിയേറ്റക്കാരാണ്. ബാക്കിയുള്ളവർ യു.എസിൽ ജനിച്ചവർ. അമേരിക്കയിലെ ഇന്ത്യക്കാരിൽ പകുതിയും കാലിഫോർണിയ, ടെക്‌സസ്, ന്യൂജഴ്‌സി, ന്യൂയോർക്ക് എന്നീ നാലു സംസ്ഥാനങ്ങളിലാണ്.
2022ലെ കണക്കുകൾ പ്രകാരം ഒന്നര ലക്ഷത്തോളം ഡോളറാണ് ഇന്ത്യക്കാരുടെ അമേരിക്കൻ വരുമാനം. ഇത് ഏഷ്യൻ വംശജർക്കിടയിലെ ഉയർന്ന വരുമാനമാണ്.