പീരുമേട്ടിൽ ഹൈവേയ്ക്ക് അരികിൽ കാട്ടാനയെത്തിയ സംഭവം: വൻ പ്രതിഷേധം
ഇടുക്കി പീരുമേട്ടിൽ ജനവാസ മേഖലകളിൽ വീണ്ടും കാട്ടാനയെത്തി. പള്ളിക്കുന്നിനും മേമലക്കും ഇടയിൽ വുഡ് ലാൻസിൽ നിരവധി ആളുകൾ പാർക്കുന്ന ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്.
മലയോര ഹൈവേക്ക് സമീപം നിലയുറപ്പിച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് വനം വകുപ്പ് തുരത്തി. ഇവിടെ ആദ്യമായാണ് കാട്ടാനയെത്തുന്നത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
രാവിലെ കട തുറക്കാൻ എത്തിയ പ്രദേശവാസിയാണ് റോഡിൽ ആദ്യം ആനയെ കണ്ടത്. ഇയാൾ ഭയന്ന് കടയ്ക്കുള്ളിൽ കയറി. തുടർന്ന് പ്രദേശവാസികളെ വിവരമറിയിച്ചു.
ഇവർ ഓടി എത്തിയപ്പോഴേക്കും കാട്ടാന ഇവിടുന്നും ജനവാസ തേയിലക്കാട്ടിലേക്ക് കയറിപ്പോയി. വനപാലകർ എത്തി അനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമിച്ചു വരുകയാണ്.
ഇതിന് സമീപത്താണ് സർക്കാർ യുപി സ്‌കൂൾ ഉള്ളത്. ആരാധനാലയങ്ങളും തോട്ടം തൊഴിലാളികളുടെ ലയങ്ങളും മറ്റു വീടുകളും സ്ഥാപനങ്ങളും ഇവിടെയുണ്ട്. ലയങ്ങളിലേക്ക് തൊഴിലാളികൾ കാൽനടയായാണ് പോകുന്നത്.
ഈ പാതയ്ക്ക് സമീപമാണ് കാട്ടാനയുടെ സാന്നിധ്യമുള്ളത്. പള്ളിക്കുന്നിന് പുറമേ കല്ലാർ, തോട്ടാപ്പുര എന്നിവിടങ്ങളിലും കാട്ടാനയെത്തി.
കാട്ടാന ജനവാസ പ്രദേശത്ത് എത്തിയതോടെ പള്ളിക്കുന്ന് ഭാഗത്ത് എത്തിയ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ വനപാലകർ തയ്യാറാകുന്നില്ല എന്നാരോപിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിക്‌സൺ ജോർജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ എന്നിവർ പീരുമേട് ആർആർടി ഓഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി.
കോൺഗ്രസ് നേതാക്കളായ അഡ്വ. സിറിയക് തോമസ്, റോബിൻ കാരക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, കെ. രാജൻ, സി.കെ.അനീഷ് തുങ്ങിയവർ പങ്കെടുത്തു.









