തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ചയുടെ പേരിൽ സ്ഥലം മാറാനിരിക്കുന്ന അങ്കിത് അശോകന് പകരമാരെന്നതിൽ തീരുമാനമായില്ല. തൃശൂർ സിറ്റി പോലീസ്കമ്മീഷണർ ആയി നിയമിക്കാനുള്ളവരുടെ കാര്യത്തിൽ തീരുമാനം എടുക്കുക തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിനായി നാല് എസ്പിമാരുടെ പേരുകൾ സംസ്ഥാന പോലീസ് മേധാവി കമ്മിഷന് കൈമാറിയിട്ടുണ്ട്. ഐപിഎസ് ലഭിച്ച രണ്ടുപേരടക്കം നാലുപേരാണ് പട്ടികയിൽ ഉള്ളത്. ആംഡ് ബറ്റാലിയൻ എസ്പി ജി.ജയദേവ്, ഇന്റലിജൻസ് എസ്പി എം.എൽ.സുനിൽ, പോലീസ് ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ വി.യു.കുര്യാക്കോസ്, പോലീസ് ആസ്ഥാനത്തെ എഐജി-1 ആർ.വിശ്വനാഥ് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത് എന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
പൂരത്തിലെ പോലീസിൻ്റെ ഇടപെടൽ കടുത്ത വിമർശനത്തിന് ഇടയാക്കിയതോടെ അത് തിരഞ്ഞെടുപ്പ് കാലത്ത് അത് തിരിച്ചടിയാകുമെന്നു തോന്നിയതോടെ അടിയന്തരമായി കമ്മിഷണറെ മാറ്റിനിയമിക്കാൻ സർക്കാർ തീരുമാനം എടുക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഈ തീരുമാനം നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. അതുകൊണ്ടാണ് പുതിയ കമ്മിഷണറായി നിയമിക്കേണ്ടവരുടെ വിവരങ്ങൾ കമ്മീഷന് നൽകിയത്. കമ്മീഷൻ തീരുമാനം കിട്ടിയാൽ ഉടൻ നിയമന ഉത്തരവ് പുറത്തിറങ്ങും. അങ്കിത് അശോകിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അവധി അനുവദിച്ചുള്ള ഉത്തരവും ഉടൻ ഇറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. അങ്കിത് അശോകനെ കൂടാതെ അസിസ്റ്റന്റ് കമ്മീഷണർ സുദർശനനോടും സ്ഥാനമൊഴിയാൻ നിർദേശിച്ചിട്ടുണ്ട്. അടിയന്തരമായി ഇവരെ സ്ഥലം മാറ്റുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. സംഭവത്തിൽ സംസ്ഥാന പൊലിസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.