ആത്മകഥാ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ പി സരിനായി വോട്ട് അഭ്യർത്ഥിക്കാൻ ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ സംസാരിക്കും. ഇപിയുടെ ആത്മകഥ എന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങങ്ങളിലെ പരാമർശങ്ങൾ പാലക്കാട്ടെ പ്രവർത്തകർക്കിടയിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് പാർട്ടി ഇപിയെ പാലക്കാട് എത്തിക്കുന്നത്.
അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു പി സരിനെ പറ്റിയുള്ള ആത്മക്കഥയിലെ പരാമർശം. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. അതേസമയം ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജനോട് പാർട്ടി വിശദീകരണം തേടാൻ സാധ്യതയുണ്ട്.
കൈയെഴുത്തുപ്രതിയുടെ ഭാഗങ്ങൾ പങ്കുവെച്ചതായി സമ്മതിച്ചെങ്കിലും ആത്മകഥ ഡിസി ബുക്‌സിന് ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്ന് ജയരാജൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചില ഭാഗങ്ങൾ പങ്കുവെച്ചെങ്കിലും പ്രസിദ്ധീകരണത്തിന് അന്തിമ അനുമതിയോ റിലീസ് തീയതിയോ നിശ്ചയിച്ചിട്ടില്ലെന്നാണ് ഇപി പറയുന്നത്. ആത്മകഥയുടെ ചോർച്ചയുടെ ഉറവിടം വ്യക്തമല്ലെങ്കിലും ജയരാജൻ്റെ വിശദീകരണത്തെ ആശ്രയിച്ചിരിക്കും തുടർ നടപടികൾ.