മനസില്‍ ആഗ്രഹം പറഞ്ഞ് ആല്‍മരത്തില്‍ മണി കെട്ടിയാല്‍ അത് സാധിച്ചുതരുന്ന ക്ഷേത്രമുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍. ഇതിനായി ചങ്ങാടം കയറി ഇവിടെ എത്തുന്നത് പതിനായിരങ്ങളാണ്.
കൊല്ലം ജില്ലയിലെ ചവറ – പൊന്മാന മേഖലയില്‍ അറബിക്കടലിനും കായലിനും നടുവിലുള്ള തുരുത്തില്‍ സ്ഥിതി ചെയ്യുന്ന കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവന്നത്.
2006ല്‍ സുനാമി വന്നപ്പോള്‍ ഈ ക്ഷേത്രത്തിന് ചുറ്റും തിരമാലകള്‍ ആഞ്ഞടിച്ചു.അങ്ങനെ ആ തിരകളെയും ഈ ക്ഷേത്രം അതിജീവിച്ചു. ഇത് കാട്ടിലമ്മയുടെ ശക്തിമൂലമാണെന്നാണ് ഭക്തരുടെ വിശ്വാസം. കൊല്ലം – ആലപ്പുഴ ദേശീയ പാതയില്‍ ശങ്കരമംഗലത്ത് നിന്ന് കുറച്ച് ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ കൊട്ടാരത്തിന് കടവില്‍ എത്തി ചേരും. ഇവിടെ നിന്ന് ക്ഷേത്ര സമിതി ഒരുക്കിയ ജങ്കാര്‍ മാത്രമേ ക്ഷേത്രത്തിലെത്താന്‍ യാത്ര മാര്‍ഗമായി ഒള്ളു. ഈ ജങ്കാര്‍ സൗകര്യം തികച്ചും
സൗജന്യമാണ് എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തില്‍ ദേവി ഭദ്രകാളി രൂപത്തിലാണ് ദര്‍ശനം നല്‍കുന്നത്. ഗണപതി, ദുര്‍ഗ്ഗാദേവി, യോഗീശ്വരന്‍, മാടന്‍ തമ്പുരാന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരും ഇവിടെ പ്രതിഷ്ഠയായി ഉണ്ട്. മണി വഴിപാടാണ് ഇവിടത്തെ പ്രധാന വഴിപാട്. പണ്ട് വൃശ്ചിക മഹോത്സവത്തിന് കൊടിയേറിയപ്പോള്‍ അതില്‍ നിന്ന് ഒരു മണി വീഴുകയും അതെടുത്ത് ആലില്‍ കെട്ടിയ പൂജാരിക്ക് അഭിവൃദ്ധി ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നടത്തിയ ദേവപ്രശ്‌നത്തില്‍ ആലില്‍ മണി കെട്ടുന്നത് ഉത്തമമാണെന്ന് തെളിഞ്ഞു.
രാവിലെ 5 മുതല്‍ 12 വരെയും വൈകിട്ട് 5 മുതല്‍ 8 വരെയുമാണ് ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നത്. ഇവിടത്തെ വര്‍ഷത്തില്‍ ഒരു ദിവസം മാത്രം നടത്തുന്ന ചതുര്‍ശം എന്ന നിവേദ്യവും വളരെ പ്രസിദ്ധമാണ്. ഇത് ലഭിക്കുന്നതിനായി മുന്‍കൂടി രസീത് വാങ്ങേണ്ടതാണ്. അതുപോലെ തന്നെ ഭക്തര്‍ക്കിടയില്‍ വിശ്വാസം ഉയര്‍ത്തുന്ന ആറുനാഴി മഹാനിവേദ്യം, നാണയപറ, ദശാക്ഷരി ഹോമം എന്നിവയും വളരെ പ്രസിദ്ധമാണ്.