മരണം എന്നും വേദനയാണ്. പ്രത്യേകിച്ച് പ്രിയപ്പെട്ടവരുടെ. പ്രിയപ്പെട്ടവരുടെ മരണശേഷം അവരുടെ ശബ്ദവും സാമീപ്യവും അനുഭവപ്പെടുന്നതായി ചിലർ പറയുന്നത് കേട്ടിട്ടില്ലേ ? പഠനങ്ങൾ അനുസരിച്ച്, ആരോഗ്യമുള്ള ആളുകളിൽ അഞ്ച് മുതൽ പത്ത് ശതമാനം വരെ ആളുകൾ അവരുടെ മരിച്ചവരുമായി ബന്ധപ്പെട്ട ശബ്ദം കേൾക്കുന്നു. ആളുകൾ ഈ “ഓഡിറ്ററി ഹാലൂസിനേഷൻ” കേൾക്കുമ്പോൾ തലച്ചോറിൽ എന്താണ് സംഭവിക്കുന്നതെന്ന് ഗവേഷകരുടെ കാലങ്ങളായുള്ള അന്വേഷണമാണ്. മാനസിക വൈകല്യങ്ങൾ ഉള്ളവർ മാത്രമല്ല ഈ ഭ്രമാത്മകത അനുഭവിക്കുന്നതെന്ന് പൊതുവെ അനുമാനിക്കപ്പെടുന്നു. പഠനങ്ങൾ അനുസരിച്ച്, സ്കീസോഫ്രീനിയ രോഗനിർണയം നടത്തിയ 70 ശതമാനം ആളുകളും സാധാരണയായി അത്തരം ശബ്ദങ്ങൾ കേൾക്കുന്നു.
എന്നാൽ അതിന് ഇപ്പോൾ ഒരു ഉത്തരം കണ്ടെത്തിയിരിക്കുന്നു. ജനീവ സർവ്വകലാശാലയിലെ ന്യൂറോ സയന്റിസ്റ്റ് പാവോ ഒറെപിക്, റോബോട്ടിക് സാങ്കേതികാവിദ്യ ഉപയോഗിച്ചാണ് ഇതിനു ഉത്തരം കണ്ടെത്തിയിരിക്കുന്നത്.
എന്തുകൊണ്ടാണ് ഈ ഹാലുസിനേഷനുകൾ ഉണ്ടാകുന്നത് ?
ഒരു വ്യക്തിയുടെ സെൻസറി ഇംപ്രഷനുകൾ തലച്ചോറിന്റെ പ്രതീക്ഷകളുമായി പൊരുത്തപ്പെടാത്തപ്പോഴാണ് ഈ ഭ്രമാത്മകത സംഭവിക്കുന്നത്. മുൻകാല ഇംപ്രഷനുകളാൽ മസ്തിഷ്കം കണ്ടീഷൻ ചെയ്യപ്പെടുകയും അതിന്റെ ഫലമായി സെൻസറി ധാരണകളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ ഭ്രമാത്മകത സംഭവിക്കാമെന്നും ചില അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. അതായത് സ്ഥിരമായി നിങ്ങളോട് സംസാരിക്കുന്ന ഒരാൾ മരിച്ചാൽ അവരുടെ ശബ്ദം നിങ്ങളുടെ തലച്ചോർ നേരത്തെതന്നെ സേവ് ചെയ്തു വച്ചിട്ടുള്ളതിനാൽ, അതിനോട് സാമ്യമുള്ള എന്തുകേട്ടാലും തലച്ചോർ അത് അയാളുടെ ശബ്ദമായി തെറ്റിദ്ധരിക്കുകയും മുൻകാല സംസാരങ്ങൾ വിശകലനം ചെയ്ത് ആ ശബ്ദമായി നിങ്ങളെ കേൾപ്പിക്കുകയും ചെയ്യുന്നു.
പുതിയ റോബോട്ടിക് സാങ്കേതികവിദ്യ
മേൽപ്പറഞ്ഞ രണ്ട് സംവിധാനങ്ങളും ഒരേസമയം പ്രവർത്തനക്ഷമമാക്കാൻ കഴിയുന്ന ഒരു പരീക്ഷണം ഒറെപിക് രൂപകൽപ്പന ചെയ്തു. പരീക്ഷണത്തിന്റെ ഭാഗമായി, കണ്ണാടച്ചു നിൽക്കുന്ന ആളുകളോട് അവരുടെ മുന്നിൽ സ്ഥാപിച്ച ഒരു ലിവർ അമർത്താൻ ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്യുമ്പോൾ, ഒരു റോബോട്ടിക് കൈ അവരുടെ പുറകിൽ സ്പർശിച്ചു. കുറച്ച് പരിശീലനത്തിലൂടെ, അവരുടെ പുറകിൽ സ്പർശിക്കുന്നത് സ്വന്തം കൈയാണെന്ന് അവരുടെ മസ്തിഷ്കം മനസ്സിലാക്കാൻ തുടങ്ങി.
അടുത്തതായി, ആളുകൾ ലിവറിൽ സ്പർശിച്ചപ്പോൾ, ഒരു ചെറിയസമയം താമസിച്ചതിനു ശേഷം റോബോട്ടിക് കൈ അവരെ സ്പർശിച്ചു. മറ്റൊരാൾ അവിടെ ഉണ്ടെന്ന് ചിന്തിക്കാൻ ഇത് തലച്ചോറിനെ പ്രേരിപ്പിച്ചു. സ്പർശിക്കാനുണ്ടായ ആ കാലതാമസം അവരെ പിന്നിൽ മറ്റാരോ ഉണ്ടെന്നു ചിന്തിക്കാൻ പ്രേരിപ്പിച്ചു.
പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ, ആളുകളെ ചില ശബ്ദങ്ങൾ കേൾപ്പിച്ചു. അവരിൽ ചിലരെ, തിരിച്ചറിയാനാവാത്ത ബഹളം പോലുള്ള ആ ശബ്ദത്തിൽ അവരുടെ ശബ്ദം കൂടി കൂട്ടിക്കലർത്തി കേൾപ്പിച്ചു. ചിലരെ, ബഹളം പോലുള്ള ശബ്ദം മാത്രം കേൾപ്പിച്ചു. വൈകി സ്പർശനം തിരിച്ചറിഞ്ഞ ആളുകളിൽ ആണ് അവരുടെ ശബ്ദമില്ലാതെ, ബഹളം മാത്രം കേൾപ്പിച്ചത്. എന്നാൽ, ഗവേഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഇവർ ഇല്ലാത്ത അവരുടെ ശബ്ദം ആ ബഹളങ്ങൾക്കിടയിൽ കേട്ടതായി പറഞ്ഞു. ഇതോടെയായാണ് തലച്ചോറിന്റെ ഇ ‘തലതിരിഞ്ഞ’ തിരിച്ചറിയലിനെപ്പറ്റി ഗവേഷകർ ഉറപ്പിച്ചത്.