തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗൗതം അദാനിയുടെയും ജനപ്രനിധികളുടെയും സാന്നിധ്യത്തിലായിരുന്നു കമ്മിഷനിങ് നടന്നത്.
പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നു കണ്ട ശേഷം 11 മണിയോടെയാണ് മോദി ഉദ്ഘാടന വേദിയിൽ എത്തിയത്. വിഴിഞ്ഞം പുതിയ വികസനത്തിന്‍റെ പ്രതീകമെന്ന് ഉദ്‌ഘാടന ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇനി രാജ്യത്തിന്‍റെ പണം രാജ്യത്തിന് തന്നെ ലഭിക്കും. കേരളത്തിന് ഇതില്‍ വലിയ പങ്കുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
മൂന്നാം മിലെനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മിഷനങ്ങിലൂടെ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുറമുഖത്തിന്റെ ശില്‍പി എന്നും കാലം കരുതിവച്ച കര്‍മയോഗി എന്നും പുകഴ്ത്തിയാണ് മുഖ്യമന്ത്രിയെ മന്ത്രി വി.എന്‍.വാസവന്‍ വേദിയിലേക്ക് സ്വാഗതം ചെയ്തത്.
കമ്മിഷനിങ്ങിന് സാക്ഷിയാകാൻ ആയിരങ്ങളാണ് വിഴിഞ്ഞത്തേക്ക് എത്തിയിരിക്കുന്നത്. നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസും നടത്തുന്നുണ്ട്. ഇന്ന് രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിച്ചത്.