കൊച്ചി: നവരാത്രി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് ഇന്ന് വിജയദശമി ആഘോഷിക്കുന്നു. ക്ഷേത്രങ്ങളിലും മറ്റു കേന്ദ്രങ്ങളിലും ജാതിമതഭേദമന്യേ ആയിരത്തോളം കുരുന്നുകളാണ് ഇന്ന് വിദ്യാരംഭം കുറിക്കുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പ് അടക്കമുള്ള എഴുത്തിനിരുത്ത് കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പ്രമുഖരുടെ നേതൃത്വത്തിലാണ് എഴുത്തിനിരുത്തൽ നടക്കുന്നത്.(Vijayadhashami celebration in Kerala)
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടൻ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം,
വർക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂർ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങി സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്. കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്.
കൊല്ലൂര്‍ മൂകാംബികയില്‍ ഇന്നും വിദ്യാരംഭ ചടങ്ങുകള്‍ തുടരും. നവരാത്രി മഹോത്സവത്തിന് സമാപനമായെങ്കിലും ആദ്യക്ഷരം കുറിക്കാന്‍ മലയാളികളുടെ തിരക്ക് തുടരുകയാണ്. പതിവുപോലെ രാവിലെ ആറുമുതല്‍ സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.