കൈക്കൂലി; കോർപ്പറേഷൻ ക്ലർക്കും ലേബർ ഓഫീസറും പിടിയിൽ
കൊച്ചി/ഗുരുവായൂർ: സംസ്ഥാനത്ത് കൈക്കൂലി വേട്ട തുടരുന്നതിനിടെ വിജിലൻസ് രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം പിടികൂടി.
എറണാകുളം പള്ളുരുത്തിയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസിലെ റവന്യൂ വിഭാഗം ക്ലർക്കായ പ്രകാശ് എസ്. എസ്,
ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ഒരു റസ്റ്റോറന്റ് ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് ലേബർ ഓഫീസർ ജയപ്രകാശ് കെ. എ.യും വെവ്വേറെ കേസുകളിൽ വിജിലൻസിന്റെ വലയിലാകുകയായിരുന്നു.
ലോഡ്ജ് അസസ്സ്മെന്റ് കേസ്
എറണാകുളം പള്ളുരുത്തിയിലെ ഒരു ലോഡ്ജിന്റെ പുതുതായി പണിത ഭാഗം റെഗുലറൈസ് ചെയ്യുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് കോർപ്പറേഷൻ ക്ലർക്കിനെതിരെ നടപടി ഉണ്ടായത്.
പരാതിക്കാരന്റെ മാതാവിന്റെ പേരിലുള്ള ലോഡ്ജിൽ രണ്ടാം നിലയിൽ മുറികൾ കൂട്ടിച്ചേർത്തെങ്കിലും, 2024 ഡിസംബർ 17-ന് സമർപ്പിച്ച അപേക്ഷ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടിരുന്നു.
2025 ഓഗസ്റ്റ് 8-ന് വീണ്ടും അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് റവന്യൂ ഇൻസ്പെക്ടറിനൊപ്പം ക്ലർക്ക് പ്രകാശ് സ്ഥലത്തെത്തി കെട്ടിടം അളന്ന് ഓഫീസിൽ ഹാജരാകാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു.
പിന്നാലെ, അസസ്സ്മെന്റ് നടത്താൻ 5 ലക്ഷം രൂപ കൈക്കൂലി വേണമെന്നാവശ്യപ്പെട്ട പ്രകാശ്, പിന്നീട് തുക 2 ലക്ഷം രൂപയാക്കി കുറച്ചു.
സെപ്റ്റംബർ 22-ന് പരാതിക്കാരൻ സ്റ്റാറ്റസ് അറിയാൻ വിളിച്ചപ്പോൾ, വെള്ളിയാഴ്ചയ്ക്കുള്ളിൽ 2 ലക്ഷം നൽകണമെന്നും, അഡ്വാൻസായി 50,000 രൂപ 23-ന് എത്തിക്കണമെന്നും പ്രകാശ് നിർദേശിച്ചു.
എന്നാൽ കൈക്കൂലി നൽകാൻ താത്പര്യമില്ലാത്ത പരാതിക്കാരൻ വിവരം വിജിലൻസിന് കൈമാറി.
നിരീക്ഷണത്തിനിടെ 23 സെപ്റ്റംബർ വൈകിട്ട് 4.45-ന് 25,000 രൂപ സ്വീകരിക്കുന്നതിനിടെ പ്രകാശിനെ വിജിലൻസ് സംഘം കൈക്കൂലി പണം സഹിതം പിടികൂടി. ഇയാളെ പിന്നീട് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
റസ്റ്റോറന്റ് പരിശോധന കേസ്
മറ്റൊരു സംഭവത്തിൽ, ഗുരുവായൂർ ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്ന ഒരു റസ്റ്റോറന്റിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് അസിസ്റ്റന്റ് ലേബർ ഓഫീസർ ജയപ്രകാശ് കെ. എ. പിടിയിലായത്.
2025 ഓഗസ്റ്റ് 30-ന് നടത്തിയ പരിശോധനയിൽ താൽക്കാലിക ജീവനക്കാർ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി, “എല്ലാം ശരിയാക്കിത്തരാം” എന്ന വാഗ്ദാനത്തോടൊപ്പം ജയപ്രകാശ് പണം ആവശ്യപ്പെട്ടിരുന്നു.
തുടർന്ന്, ആവശ്യപ്പെട്ട തുക നൽകാത്ത പക്ഷം നോട്ടീസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തി.
സെപ്റ്റംബർ 10-ന് നോട്ടീസ് നൽകുകയും, 16-ന് ഓഫീസിൽ വിളിക്കുകയും ചെയ്തു. അന്ന് നേരിൽ കണ്ടപ്പോൾ, തുടർ നടപടി ഒഴിവാക്കാൻ 10,000 രൂപ ആവശ്യപ്പെട്ടതിൽ ആദ്യപടിയായി 5,000 രൂപ കൈപ്പറ്റി.
തുടർന്ന് 17 സെപ്റ്റംബർ ചാവക്കാട് ഓഫിസിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച ജയപ്രകാശ് എറണാകുളം കാക്കനാട് ലേബർ ഓഫീസിൽ ജോലിയിൽ ചേർന്നു.
എന്നാൽ, സ്ഥലംമാറ്റ വിവരം മറച്ചുവച്ച്, റസ്റ്റോറന്റ് മാനേജരോട് ബാക്കി 5,000 രൂപ ഉടൻ നൽകണമെന്നും, ഗൂഗിൾ പേ മുഖേന കൈമാറണമെന്നും ആവശ്യപ്പെട്ടു.
ഈ ഘട്ടത്തിലാണ് മാനേജർ വിജിലൻസിനെ സമീപിച്ചത്. ഫോണിൽ നടന്ന സംഭാഷണവും ഇടപാടുകളുടെ വിവരങ്ങളും രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിന്നീട് അന്വേഷണത്തിൽ ജയപ്രകാശ് കൈക്കൂലി വാങ്ങിയതും, പണം ഗൂഗിൾ പേ വഴിയേ ആവശ്യപ്പെട്ടതുമൊക്കെ വ്യക്തമായി. വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
സംസ്ഥാനത്ത് വിജിലൻസ് ഇടപെടലുകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഒരേ ദിവസം രണ്ട് വകുപ്പുകളിലെ ഉദ്യോഗസ്ഥർ പിടിയിലായത്.
പൊതുജന സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന പ്രവണതക്കെതിരെ കടുത്ത നടപടി തുടരുമെന്ന സൂചനയാണ് വിജിലൻസ് നൽകിയിരിക്കുന്നത്.
English Summary :
Vigilance in Kerala arrested two officials in separate bribery cases – a Kochi Corporation clerk and an Assistant Labour Officer in Guruvayur. Both were caught red-handed while demanding bribes from the public.