തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ ഇളയ മകൻ അഹ്സാനും കൊല്ലപ്പെട്ട വിവരം ചികിത്സയിലിരിക്കുന്ന മാതാവ് ഷെമിയെ അറിയിച്ചു. കൊലപാതകം നടന്ന് 10 ദിവസങ്ങൾക്ക് ശേഷമാണ് തന്റെ മൂത്തമകൻ അഫാൻ കുഞ്ഞനിയനെ കൊലപ്പെടുത്തിയ വിവരം ഉമ്മ ഷെമിയെ അറിയിക്കുന്നത്. ഭർത്താവ് റഹീമിന്റെ സാന്നിധ്യത്തിൽ സൈക്യാട്രി ഡോക്ടർമാരടക്കമുള്ള സംഘമാണ് ഷെമിയെ അഹ്‌സാന്റെ മരണം അറിയിച്ചത്.
വിവരം അറിഞ്ഞതിന് പിന്നാലെ ഐസിയുവിൽ അരങ്ങേറിയത് വളരെ വൈകാരികമായ രംഗങ്ങളായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അതെ സമയം പ്രതി അഫാൻ നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്. മൂന്ന് ദിവസത്തെ കസ്റ്റഡി മാർച്ച് എട്ടിന് വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. പാങ്ങോട് പൊലീസ് സ്റ്റേഷനിൽ അഫാനെ ചോദ്യം ചെയ്യുകയാണ്.
ഫെബ്രുവരി 24ന് ആയിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്. ഉമ്മ ഷെമിയെ ആക്രമിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലെത്തി സ്വമേധയാ കീഴടങ്ങുകയായിരുന്നു .