തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മെഡിക്കൽ ബോർഡ്. പൂർണ ബോധത്തോടെ തന്നെയാണ് പ്രതി കുറ്റകൃത്യങ്ങൾ ചെയ്തിരിക്കുന്നത്. ശാരീരിക പ്രശ്നങ്ങൾ മാറിയാൽ ഉടൻ തന്നെ ആശുപത്രി വിടാമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. അതിനു ശേഷം വെഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാകും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങുക. കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും.
ആദ്യം രോഗിയായ അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാൻറെ മൊഴി. എന്നാൽ സാമ്പത്തിക ബാധ്യതകളുള്ളതായി അറിയില്ലെന്നായിരുന്നു അഫാൻറെ പിതാവ് റഹിം നൽകിയ മൊഴി. അഫാന് സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്ന കാര്യത്തിൽ ഇനിയും വ്യക്തത ലഭിക്കാനുണ്ട്. വിഷയത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.
മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ രണ്ട് ബന്ധുക്കളെ കൂടികൊല്ലാനുള്ള പദ്ധതി അവസാന നിമിഷം അഫാൻ ഒഴിവാക്കുകയായിരുന്നു. കൊലപാതകങ്ങൾ ചെയ്യുന്നതിനിടെ പ്രതി മദ്യപിച്ചിരുന്നു. പെൺസുഹൃത്തിനെയും അനുജനെയും കൊന്നതോടെ വിഷം കഴിച്ചതിനാൽ വാഹനമെടുത്ത് അമ്മയുടെ ബന്ധുക്കളുടെ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ലെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.