തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി. കാമുകി ഫർസാനയെയും, അനുജൻ അഫ്‌സാനെയും കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ് . പേരുമലയിലെ വീട്, ചുറ്റിക വാങ്ങിയ കട, സ്വർണ്ണം പണയപ്പെടുത്തിയ സ്ഥലം എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
മാത്രമല്ല എലി വിഷം, പെപ്സി സിഗരറ്റ്, മുളകുപൊടി എന്നിവ വാങ്ങിയ കടകളിലും, ബൈക്കിലെത്തി ഫർസാനയെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്തും എത്തിച്ചാണ് തെളിവെടുപ്പ് പൂർത്തീകരിച്ചത്. പെൺ സുഹൃത്ത് ഫർസാന, അനുജൻ അഹ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് അഫാൻ. നെടുമങ്ങാട് കോടതിയാണ് അഫാനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. മാതാവിനെ കഴുത്തുഞെരിച്ച് നിലത്തിട്ട ശേഷം, ആദ്യം പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തി. തുടർന്ന് പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും, ശേഷം സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകങ്ങൾ നടത്തിയ ശേഷം പ്രതി അഫാൻ എലിവിഷം കഴിക്കുകയും പോലീസിൽ കീഴടങ്ങുകയുമായിരുന്നു.
എന്നാൽ മകൻ ചെയ്ത ക്രൂര കൊലപാതകങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും, കട്ടിലിൽ നിന്നും വീണതാണ് തനിക്ക് പരിക്ക് പറ്റാൻ കാരണമെന്ന മുൻമൊഴിയിൽ ഉറച്ച് നിൽക്കുകയാണ് ഷെമീന. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമീനയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു.
അഫാനല്ല തന്നെ ആക്രമിച്ചതെന്നും കട്ടിലിൽ നിന്നും നിലത്ത് വീണതാണ് തലയ്ക്ക് പരിക്കേൽക്കാൻ കാരണമെന്നും ഷെമീന വീണ്ടും മൊഴി നൽകി. മകന് മറ്റാരെയും ആക്രമിക്കാൻ കഴിയില്ലെന്നാണ് ഷെമീന പറയുന്നത്.