തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പുകൾ പൂർത്തിയായി. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സജിതയെയും കൊലപ്പെടുത്തിയ എസ്എൻപുരത്തെ വീട്ടിൽ നിന്നായിരുന്നു ഇന്നത്തെ തെളിവെടുപ്പ് തുടങ്ങിയത്.
മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. യാതൊരു കൂസലുമില്ലാതെയാണ് അവിടെ നടത്തിയ ക്രൂര കൊലപാതകങ്ങൾ പ്രതി അഫാൻ വിവരിച്ചത്. 80,000 രൂപ ലത്തീഫിൽ നിന്നും കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതും, അച്ഛൻെറ അമ്മയുടെ സ്വർണം വാങ്ങുന്നതിന് തടസ്സം നിന്നതുമാണ് പകയ്ക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
അഫാൻ മോഷ്ടിച്ച ശേഷം വലിച്ചെറിഞ്ഞ ലത്തീഫിൻെറ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. ആദ്യം അമ്മയെ കഴുത്തു ഞെരിച്ച് നിലത്തിട്ട ശേഷം അച്ഛൻെറ അമ്മയെ കൊന്നു. അതിനു ശേഷമാണ് ലത്തീഫിൻെറ വീട്ടിലേക്ക് എത്തുന്നത്.
അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയി. ആ തക്കം നോക്കി ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻെറ തലയ്ക്ക് അടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും പ്രതി ആക്രമിച്ചു. അടുക്കളിയിലേക്ക് ഓടിയ സാജിതയെ പിന്നാലെ ചെന്ന് ആക്രമിച്ചുകൊന്നുവെന്നും പ്രതി വിവരിച്ചു.
ലത്തീഫിൻെറ മൊബൈൽ ഫോണും, കാറിനെറ താക്കോലും 50 മീറ്റർ മാറിയുള്ള കാട്ടിലേക്ക് എറിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. ആക്രമണം നടത്തുന്ന സമയം ആരെങ്കിലും വന്നാൽ എറിയാനായി കരുതിയ മുളകുപൊടിയും കണ്ടെത്തി. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളകുപൊടിയുമുണ്ടായിരുന്നത്.
ആയുധം, എലിവിഷം, മുളകുപൊടി, ശീതളപാനീയം, സിഗരറ്റ് എന്നിവ വാങ്ങിയ കടകളിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. രണ്ടാം ഘട്ട കസ്റ്റഡി നാളെ അവസാനിക്കും. കിളിമാനൂർ എസ്എച്ചഒ ജയനാണ് തെളിവെടുപ്പ് നടത്തിയത്.