കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന് ജാമ്യം അനുവദിച്ച് കോടതി. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്.
വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയ കേസിൽ ഷെജിലിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. കുറ്റബോധം ഉണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒന്നും പറയാൻ ഇല്ലെന്നായിരുന്നു ഷെജിൽ മറുപടി നൽകിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും കേരളാ പൊലീസിന് കൈമാറുകയുമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷെജില്‍ ഓടിച്ച കാര്‍ ഇടിച്ച് ഒന്‍പത് വയസുകാരിയായ ദൃഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടം നടന്ന സമയത്ത് ഇരുവരെയും ഷെജിലും കാറില്‍ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലെത്തിക്കാതെ മടങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ് കോമയിലായ ദൃഷാന എട്ട് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.