ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പുര്‍ സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് സംഘപരിവാർ എന്ന് സതീശൻ പറഞ്ഞു.
സതീശന്റെ വാക്കുകൾ;
”മണിപ്പുരില്‍ നൂറുകണക്കിന് പേര്‍ കൊല ചെയ്യപ്പെടുകയും മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിക്കുകയും മത സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അരക്ഷിതത്വം നല്‍കിക്കൊണ്ടാണ് സംഘപരിവാര്‍ സര്‍ക്കാര്‍ അവധി ദിനങ്ങള്‍ ഇല്ലാതാക്കിയത്. ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള സംസ്ഥാനത്താണ് സര്‍ക്കാര്‍ ഈ നടപടിയെടുത്തത്. കേരളത്തില്‍ കല്യാണത്തിന് ഉള്‍പ്പെടെ മുട്ടിന് മുട്ടിന് വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പോലും തയാറായിട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങളെ സംഘപരിവാര്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ ഉദാഹരണമാണിത്. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത്”’. സതീശൻ പറയുന്നു.









