ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പുറത്തു വന്ന ആദ്യ ഫലസൂചനകൾ പ്രകാരം ഇന്റ്യാന, കെന്റക്കി, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് ആണ് ലീഡ് ചെയ്യുന്നത്. ഇന്റ്യാനയും കെന്റക്കിയും പൊതുവെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് അനുകൂലമായി നിൽക്കുന്ന സംസ്ഥാനങ്ങളാണ്.
11 ഇലക്ടറൽ വോട്ടുകളുള്ള ഇന്റ്യാനയിൽ ആറ് ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ട്രംപിന് 63.1 ശതമാനം വോട്ടുകളും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ കമലാ ഹാരിസിന് 35.8 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
2020ൽ ട്രംപിന് ഇവിടെ നിന്ന് 57 ശതമാനം വോട്ടുകളും, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്ന ജോ ബൈഡന് 41 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
കെന്റക്കിയിൽ എട്ട് ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഉള്ളത്. ഇവിടെ 3 ശതമാനം വോട്ടുകളാണ് എണ്ണിയത്. ട്രംപിന് 66.8 ശതമാനം വോട്ടുകളും കമലാ ഹാരിസിന് 32.1 ശതമാനം വോട്ടുമാണ് ലഭിച്ചിരിക്കുന്നത്.
2020ൽ ട്രംപിന് അനുകൂലമായി നിന്ന സംസ്ഥാനമാണിത്. അന്ന് 62.1 ശതമാനം വോട്ട് ട്രംപിനും, 36.2 ശതമാനം വോട്ട് ജോ ബൈഡനുമാണ് ലഭിച്ചത്.
ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 5.30ഓടെയാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. രണ്ട് സ്ഥാനാർത്ഥികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്.
പെൻസിൽവാനിയ, അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, വിസ്‌കോൺസിൻ എന്നീ സ്വിങ് സ്റ്റേറ്റുകളിലും കനത്ത പോരാട്ടമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതിൽ നോർത്ത് കരോലിനയിലും ജോർജിയയിലുമാണ് ആദ്യം വോട്ടെടുപ്പ് പൂർത്തിയാകുന്നത്. അടുത്ത വർഷം ജനുവരി ആറിന് നടക്കുന്ന ഔദ്യോഗിക ഫലപ്രഖ്യാപനത്തിലൂടെ അമേരിക്കയുടെ 47ാമത് പ്രസിഡന്റ് ആരായിരിക്കുമെന്ന് അറിയാനാകും.
അതേസമയം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയും ഗർഭച്ഛിദ്രവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിക്കുന്ന പ്രധാന വിഷയങ്ങളാണെന്ന് എക്‌സിറ്റ് പോളുകൾ പറയുന്നു. സിബിഎസ് ന്യൂസ് നടത്തിയ സർവേ പ്രകാരം 10ൽ 6 പേരും ജനാധിപത്യമാണ് വോട്ട് നൽകുന്നതിൽ പ്രധാന ഘടകമായി പരിഗണിക്കുന്നത്.
അഞ്ച് ശതമാനത്തോളം വോട്ടർമാർ ഗർഭച്ഛിദ്രം എന്ന വിഷയത്തെ പരിഗണിക്കുന്നുണ്ട്. പത്തിൽ ഒരാൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്കാണ് മുൻഗണന നൽകുന്നതെന്നും സർവേ പറയുന്നു.
US presidential election vote counting has begun