പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പിടിച്ചെടുത്ത് മോട്ടോർവാഹന വകുപ്പ്. മോട്ടോർ വാഹന നിയമം കാറ്റിൽ പറത്തി രൂപമാറ്റം വരുത്തിയാണ് ഓട്ടോ ഓടിയിരുന്നത്. ഓട്ടോറിക്ഷക്ക് പുറത്ത് ഒരു ചെറിയ ക്ഷേത്ര ശ്രീകോവിലിൻറെ രൂപം കെട്ടിവെച്ചു. ഓട്ടോറിക്ഷയ്ക്ക് ചുറ്റും പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലായിരുന്നു കെട്ടിവെച്ചിരുന്ന ക്ഷേത്ര മാതൃക. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ ഉദ്യോഗസ്ഥരാണ് പത്തനംതിട്ട ഇലവുങ്കൽ നിന്നും ഓട്ടോറിക്ഷ പിടിച്ചെടുത്തത്.
കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകരാണ് എംവിഡി പിടിച്ചെടുത്ത ഓട്ടോറിക്ഷക്കുള്ളിൽ ഉണ്ടായിരുന്നത്. മുചക്ര വാഹനമായ ഓട്ടോ നാലു ചക്ര വാഹനമാണെന്ന് തോന്നുംവിധമായിരുന്നു രൂപമാറ്റം. സഞ്ചരിക്കുന്നത് ഓട്ടോറിക്ഷയാണെന്ന് പോലും തോന്നാത്ത രീതിയിലായിരുന്നു രൂപമാറ്റം വരുത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൂക്കൾ കൊണ്ട് അലങ്കരിച്ചും ഓട്ടോയുടെ ഭാഗങ്ങൾ കാണാത്ത രീതിയിൽ വലിയ രീതിയുള്ള രൂപമാറ്റമാണ് വരുത്തിയതെന്ന് എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ക്ഷേത്ര കൊടിമരത്തിൻറെയും പതിനെട്ടാം പടിയുടെയും മാതൃക അടക്കം ഓട്ടോയ്ക്ക് പുറത്ത് ഉണ്ടാക്കിയിട്ടുണ്ട്. ഓട്ടോയിൽ സഞ്ചരിച്ചവരിൽ നിന്ന് 5000 രൂപ പിഴ ചുമത്തി. അപകടം ഉണ്ടാക്കും വിധം രൂപ മാറ്റം വരുത്തിയത്. ഇത്തരം വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കോടതിയുടെ നിർദേശം ഉണ്ടായിരുന്നു.