പാലക്കാട്: പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാര്‍ മരിച്ചു. വടക്കഞ്ചേരി വാണിയമ്പാറയിലാണ് സംഭവം. വാണിയമ്പാറ സ്വദേശി ജോണി (59), മണിയം കിണർ സ്വദേശി രാജു (53) എന്നിവരാണ് മരിച്ചത്.
കള്ള് കയറ്റി വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ദേശീയപാതയുടെ അരികിലൂടെ നടന്ന് പോകുകയായിരുന്നു ജോണിയും രാജുവും നടന്നു പോകുമ്പോഴാണ് സംഭവം.
രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് ദിശയിൽ നിന്നും കള്ള് കയറ്റി വന്ന വാഹനം ഇവരെ പുറകിൽനിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജോണിയെയും, രാജുവിനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് വിവരം.









