ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ മിന്നൽ വേഗത്തിൽ കോരിയെടുത്ത് ടിടിഐ!
ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടാനൊരുങ്ങിയ ആറുവയസുകാരനെ കൃത്യസമയത്ത് രക്ഷപ്പെടുത്തി ടിടിഐ. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ ടിടിഐ നിഖിൽ മിത്രയുടെ ജാഗ്രതയാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് ശനിയാഴ്ച വൈകിട്ട് 3.40ഓടെ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
ഡി5 കോച്ചിന്റെ ചുമതല വഹിച്ചിരുന്നത് നിഖിൽ മിത്രയായിരുന്നു. ആലപ്പുഴ സ്വദേശിയായ സുനിൽകുമാറും കുടുംബവും ട്രെയിനിൽ കയറുന്നതിനിടെ രണ്ട് കുട്ടികളെ ആദ്യം ട്രെയിനിൽ കയറ്റി. ഇതിനിടെ ട്രെയിൻ മുന്നോട്ട് നീങ്ങിത്തുടങ്ങിയതോടെ മാതാപിതാക്കൾ പ്ലാറ്റ്‌ഫോമിൽ തന്നെ കുടുങ്ങി.
ഭീതിയിലായ 10 വയസുകാരൻ ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിന്റെ വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ഇത് കണ്ട ആറുവയസുകാരനും ഭയന്ന് ട്രെയിനിന്റെ വാതിലിനരികിലേക്ക് നീങ്ങി ചാടാനൊരുങ്ങുകയായിരുന്നു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവർ ബഹളം വെച്ചതോടെ നിഖിൽ മിത്ര ഉടൻ ഓടിയെത്തി കുട്ടിയെ പിടിച്ചെടുത്തു സുരക്ഷിതനാക്കി.
തുടർന്ന് അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും കുട്ടിയെ ആർപിഎഫിന് കൈമാറുകയും ചെയ്തു. പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടിയെ സുരക്ഷിതമായി കൈമാറിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.
English Summary
A six-year-old boy was rescued from jumping out of a moving train at Aluva railway station, thanks to the quick action of TTI Nikhil Mithra. The incident occurred after the child’s parents were left behind on the platform as the train started moving.









