കഴിഞ്ഞ ദിവസം നാസ ഒരു ചിത്രം പുറത്തുവിട്ടു. പിക്കാസോയുടെ 142-ാം ജന്മദിനം ആഘോഷിക്കാൻ ഒക്ടോബർ 25നാണ് നാസ ചിത്രം പോസ്റ്റ് ചെയ്തത്. സൗരയൂഥത്തിലെ വ്യാഴഗ്രഹത്തിലെ ഒരു കൗതുകചിത്രമായിരുന്നു അത്. വ്യാഴത്തിലെ പേടിപ്പെടുത്തുന്ന ഒരു മനുഷ്യമുഖത്തിന്റെ ചിത്രമായിരുന്നു അത്. സെപ്റ്റംബറിലായിരുന്നു ഇത് പകർത്തിയത്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ വ്യാഴത്തിന്റെ മേഘങ്ങൾ സവിശേഷമായ രൂപങ്ങളുണ്ടാക്കാറുണ്ട്. അത്തരമൊരു ചിത്രമാണ് ഇതും. രാത്രിയിൽ പകർത്തിയിരിക്കുന്നതിനാൽ ചിത്രത്തിന്റെ പകുതി ഇരുട്ടിലായാണ്. വ്യാഴത്തിന്റെ വിദൂരവടക്കൻ മേഖലയായ ജെറ്റ് എൻ7ൽ നിന്നു ജൂണോ പേടകം പകർത്തിയതാണു ചിത്രം. ബഹിരാകാശ പേടകം വ്യാഴത്തിന്റെ മേഘങ്ങൾക്ക് 4,800 മൈൽ മുകളിലാണ് ചിത്രം പകർത്തിയത്. പൗര ശാസ്ത്രജ്ഞനായ വ്‌ളാഡിമിർ താരസോവ് ആണ് ഈ ചിത്രം നിർമ്മിച്ചത്.
ചിത്രം സൂചിപ്പിക്കുന്നത് വ്യാഴത്തിൽ രാത്രിയും പകലും ചുഴലിക്കാറ്റ് വീശുന്നുണ്ടെന്നാണ്. ഹൈഡ്രജൻ, ഹീലിയം വാതകങ്ങൾ നിറഞ്ഞ ഭീമൻ ഗ്രഹമാണ് ജൂപ്പിറ്റർ അഥവാ വ്യാഴം. വ്യാഴത്തിന്‌റെ ചന്ദ്രൻമാരിൽ ഒന്നായ ഗാനിമീഡിന്‌റെ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിധ്യം ഇടയ്ക്ക് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇപ്പോൾ കണ്ട ചിത്രം പാരിഡോളിയ എന്ന പ്രതിഭാസമാണ്. ക്രമരഹിതമായ ചിത്രങ്ങളിൽ നിന്നും പുതിയ, അർഥവത്തായ ചിത്രങ്ങൾ നിർമ്മിച്ച് കാണാനുള്ള മനുഷ്യമനസ്സിന്റെ കഴിവാണിത്. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും മൊത്തം ഭാരത്തിന്റെ രണ്ടര ഇരട്ടിയാണ് ജൂപ്പിറ്ററിന്റേത്. 95 ചന്ദ്രൻമാരാണ് വ്യഴത്തെ വലംവയ്ക്കുന്നത്.