പച്ചമരുന്നിന്റെ വേര് മോഷ്ടിച്ചെന്ന്: അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ക്രൂരമർദ്ദനം
പാലക്കാട് ∙ അട്ടപ്പാടിയിൽ പച്ചമരുന്നിന്റെ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. പാലൂർ പ്രദേശത്താണ് സംഭവം.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പാലൂർ സ്വദേശിയായ മണികണ്ഠൻ എന്ന യുവാവിനാണ് ആക്രമണത്തിൽ തലക്ക് ഗുരുതര പരിക്കേറ്റത്.
മർദനത്തെ തുടർന്ന് തലയോട്ടി പൊട്ടുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തു.
പച്ചമരുന്നിന്റെ വേര് മോഷ്ടിച്ചെന്ന്: അട്ടപ്പാടിയിൽ ആദിവാസി യുവവൈന് ക്രൂരമർദ്ദനം; തലയോട്ടിക്ക് ഗുരുതര പരിക്ക്
ആക്രമണത്തിന് ശേഷം ഗുരുതര പരിക്കുകളുണ്ടായിരുന്നിട്ടും മണികണ്ഠൻ ഡിസംബർ എട്ടിന് കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദിവാസി വാദ്യോപകരണം കൊട്ടനായി പോകുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
എന്നാൽ ഉച്ചയ്ക്ക് ശേഷം മണികണ്ഠൻ പെട്ടെന്ന് തളർന്ന് വീണതോടെയാണ് പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായത്.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
തലച്ചോറിന് സമീപം ഗുരുതര ക്ഷതമുണ്ടെന്ന സംശയത്തെ തുടർന്ന് ചികിത്സിച്ച ഡോക്ടർമാരാണ് കോഴിക്കോട് പൊലീസിനെ വിവരം അറിയിച്ചത്.
തുടർന്ന് അട്ടപ്പാടിയിലെ പുതൂർ പൊലീസ് കോഴിക്കോട് എത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും ഇതുവരെ കർശന നടപടി സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
തലയോട്ടി പൊട്ടിയതും ജീവന് ഭീഷണിയായ പരിക്കുകൾ ഉണ്ടായതും വ്യക്തമായിട്ടും വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താതെ നിസ്സാര വകുപ്പുകൾ മാത്രമാണ് പൊലീസ് എടുത്തതെന്നാണ് പരാതി.
പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിൽ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ പൊലീസ് അലംഭാവം കാണിച്ചുവെന്നും ആരോപണം ഉയരുകയാണ്.
അതേസമയം, അട്ടപ്പാടിയിൽ ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ ആവർത്തിക്കുന്നതായും വിമർശനം ശക്തമാകുകയാണ്.
ഈ വർഷം മെയിൽ അഗളി പഞ്ചായത്തിലെ ചിറ്റൂർ ഉന്നതിയിൽ മറ്റൊരു ആദിവാസി യുവാവിനെയും നാട്ടുകാർ ക്രൂരമായി മർദിച്ചിരുന്നു.
വേണുവിന്റെ മകനായ സിജു (19)വിനെയാണ് മിൽമയുടെ പാൽ ശേഖരണത്തിനുള്ള പിക്കപ്പ് വാനിന് തടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് വൈദ്യുതി തൂണിൽ കെട്ടിയിട്ട് വിവസ്ത്രനാക്കി മർദിച്ചത്.









