ഇ പാസ് സംവിധാനം നിലവിൽ വന്ന ശേഷം കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി പരാതി. ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർ പ്രതിസന്ധിയിലായെന്നാണ് വ്യാപാരികളുടെ പരാതി. സാധാരണയായി സീസണിൽ നിറഞ്ഞുകവിയാറുള്ള പാർക്കും തടാകവും ഇപ്പോൾ വിജനമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഈ വർഷം ഏപ്രിലിൽ 73,000 വിനോദസഞ്ചാരികളും മെയ് മാസത്തിൽ ഇതുവരെ 27,000 സഞ്ചാരികളും കൊടൈക്കനാലിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ 72,000 പേരും മെയിൽ 1.85 ലക്ഷം വിനോദസഞ്ചാരികളുമാണ് കൊടൈക്കനാലിൽ എത്തിയത്. ഊട്ടി, കൊടൈക്കനാൽ യാത്രയിൽ വാഹനങ്ങൾക്ക് ഇ പാസ് ഏർപ്പെടുത്തിയത് മെയ് 7നാണ്. ജൂൺ 30 വരെ ഇത് തുടരും. മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ജില്ലാ ഭരണകൂടങ്ങള്‍ ഇ പാസ് ഏർപ്പെടുത്തിയത്.
അഭിഭാഷകരായ ചെവനൻ മോഹനും രാഹുൽ ബാലാജിയുമാണ്, ഒരേ സമയം ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും അധികം വാഹനങ്ങളും വിനോദസഞ്ചാരികളും വരുമ്പോഴുണ്ടാകുന്ന പരിസ്ഥിതി നാശത്തെ കുറിച്ച് കോടതിയെ അറിയിച്ചത്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു വാഹന നിയന്ത്രണം സംബന്ധിച്ച് കോടതി നിര്‍ദേശം നൽകിയത്. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.