പഠന റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്‍റെ 13 ശതമാനം പ്രദേശങ്ങൾ ഉയർന്ന തോതിൽ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഇടുക്കി, പത്തനംതിട്ട,പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളിലാണ് ഇതിൽ ഭൂരിഭാഗം പ്രദേശങ്ങളും. കനത്ത മഴയോടൊപ്പം അശാസ്ത്രീയമായ ഭൂവിനിയോഗം, റോഡ് നിർമ്മാണത്തിനായി കുത്തനെ മല ഇടിക്കുന്നത്, വൻതോതിലുള്ള മണ്ണെടുപ്പ്, നദികളുടെ ഒഴുക്കിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയാണ് ഈ ജില്ലകളിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലിന് കാരണം. 2018 ലെ പ്രളയത്തിന് കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൂശ്ശൂർ ജില്ലകളിൽ ഉരുൾപൊട്ടൽ സാദ്ധ്യത 3.46 ശതമാനം വർദ്ധിപ്പിച്ചതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സോയിൽ പൈപ്പിങ് സാധ്യതാമേഖലകളായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ 14 താലൂക്കുകളെ കണ്ടെത്തിയിട്ടുണ്ട്. പഠനം നടത്തുന്നത് 18,854 ചതുരശ്ര കിലോമീറ്ററിൽ ദേശീയ ഉരുൾപൊട്ടൽ സാധ്യതാപഠനപദ്ധതിയുടെ ഭാഗമായി ജിഎസ്ഐ കേരളത്തിലെ 18,854 ചതുരശ്ര കിലോമീറ്ററിൽ പഠനം നടത്തുന്നുണ്ട്. ഇതിൽ 13,356 ചതുരശ്ര മീറ്ററിലെ പഠനം പൂർത്തിയായി. 5498 ചതുരശ്ര കിലോമീറ്ററിലെ പഠനം അടുത്ത വർഷം പൂർത്തിയാകും.
ഉരുൾപൊട്ടൽ ഉണ്ടാകുന്നതെങ്ങനെ?
കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദം വർധിക്കുന്നു. ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്‌തിയിൽ കുതിച്ചൊഴുകുന്നു. ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്‌ഥലങ്ങളും നശിക്കുന്നു.
കേരളത്തിലെ ഹൈറേഞ്ചുകളിൽ 600 മീറ്ററിന് മുകളിൽ ഉയരമുള്ള സ്ഥലങ്ങളിൽ 31 ശതമാനവും ഉരുൾപൊട്ടലിന്‍റെ ഭീഷണിയാണ്. ഇതിൽ തന്നെ 10 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി തോത് വളരെ കൂടുതലാണ്.