മരുന്ന് വിൽപ്പനയുടെ മറവിൽ ലഹരി മരുന്ന് വിൽപ്പന നടത്തിയ മെഡിക്കൽ റെപ്രസെന്ററ്റീവ് പിടിയിൽ. പരിങ്ങണ്ടൂർ സ്വദേശി ചീനിക്കര വീട്ടിൽ മോഹനൻ മകൻ മിഥുനെ (24) ആണ് രണ്ട് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയുമായി എക്സൈസ് കമ്മീഷണർ സ്‌ക്വാഡും കൊലഴി റേഞ്ചും തൃശൂർ സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.മധ്യമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് മിഥുനെ പിടികൂടിയത്.
മിഥുൻ വൻതോതിൽ കഞ്ചാവും എംഡിഎംഎയും ശേഖരിച്ച് ചെറിയ പൊതികൾ ആക്കി വിൽപ്പന നടത്തി വരികയായിരുന്നെന്ന് എക്‌സൈസ് പറഞ്ഞു. മെഡിക്കൽ റെപ്രസെന്ററ്റീവ് ജോലിയുടെ മറവിലാണ് ഇയാൾ മരുന്ന് എന്ന വ്യാജേന ആവശ്യക്കാർക്ക് ലഹരി മരുന്ന് വിതരണം ചെയ്തിരുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് വാങ്ങിച്ചത് എന്നും ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിച്ചതെന്നു മിഥുൻ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.തൃശൂർ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ സുദർശനകുമാർ, കൊലഴി എക്സൈസ് ഇൻസ്പെക്ടർ ബാലഗോപാൽ, പ്രിവെന്റീവ് ഓഫീസർമാരായ കെഎം സജീവ്, പി. എൽ സണ്ണി, കെ സുരേന്ദ്രൻ, എംകെ കൃഷ്ണ പ്രസാദ്, എംഎസ് സുധീർ കുമാർ, ടി ആർ സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വി വിശാൽ, ജിതേഷ്, സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Also : പുതുപ്പള്ളിയിൽ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ചു; ഒഴിവായത് വൻ ദുരന്തം