കോട്ടയം: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് Three arrested ചെയ്തു. മുട്ടമ്പലം കാച്ചുവേലിക്കുന്ന് പരിയാത്തുശേരിൽ വീട്ടിൽ (സംക്രാന്തി ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം), ഡോൺ മാത്യു (25), മടുക്കാനി വീട്ടിൽ സിബി തോമസ് (29), പുതുപ്പള്ളി കൈതേപ്പാലം ആഞ്ഞാലിക്കടുപ്പിൽ വീട്ടിൽ ഷെബിൻ സി. വർഗീസ് (29) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൈതേപ്പാലം ഭാഗത്ത് പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ ഇവിടെവച്ച് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇവരെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് കാര്യങ്ങൾ തിരക്കിയതിനെ തുടർന്ന് ഇവർ സംഘംചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും മർദിക്കുകയും കൈയിൽ കരുതിയിരുന്ന പെപ്പർ സ്പ്രേകൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ ഡോൺ മാത്യുവിൻറെ കൈയിൽനിന്ന് രണ്ട് ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്, എസ്.ഐ നെൽസൺ, സി.പി.ഒമാരായ ഗിരീഷ്, ലിബു, അനിക്കുട്ടൻ, ധനേഷ്, വിവേക്, അജേഷ്, എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഡോൺ മാത്യുവിന് കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ സ്റ്റേഷനുകളിലും, ഷെബിന്‍ കോട്ടയം ഈസ്റ്റ് സ്റ്റേഷനിലും ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.