മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു
ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും മൂലം യുവതി ജീവനൊടുക്കിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. ബിഹാറിലെ മുസാഫർപുര്‍ സ്വദേശിനിയായ ഗുഡിയാ ദേവിയാണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ, മൈക്രോഫിനാൻസ് സ്ഥാപനങ്ങളിലെ വായ്പാ ഏജന്റുമാരുടെ നിരന്തര പീഡനമാണ് മരണത്തിന് പിന്നിലെന്നാരോപിച്ച് ഭർത്താവ് പിന്റു ഗോസ്വാമി പൊലീസിനും മാധ്യമങ്ങൾക്കും മൊഴി നൽകി.
ഗുഡിയ നാല് വ്യത്യസ്ത മൈക്രോഫിനാൻസ് കമ്പനികളിൽ നിന്നായി വായ്പ എടുത്തിരുന്നുവെന്ന് കുടുംബം പറയുന്നു. ഈ വായ്പകൾക്ക് പ്രതിമാസം ഏകദേശം 12,500 രൂപ വീതം തിരിച്ചടവായി നൽകേണ്ടി വന്നിരുന്നു.
കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ ദുർബലമായിരുന്നെങ്കിലും തിരിച്ചടവുകൾ ക്രമമായി നടത്തിവരികയായിരുന്നു എന്നാണ് പിന്റുവിന്റെ വിശദീകരണം.
പിന്റു നിർമ്മാണ തൊഴിലാളിയായി ഷെയ്ഖ്പുരയിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഗുഡിയ ഭർത്താവിനെ വിളിച്ച് അടിയന്തരമായി 2,500 രൂപ ആവശ്യപ്പെട്ടതായി പിന്റു പറഞ്ഞു.
മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു
എന്നാൽ അന്ന് പണം അയച്ചുനൽകാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. ഇതിന് മണിക്കൂറുകൾക്കകം ഗുഡിയ മരിച്ചതായുള്ള വാർത്തയാണ് വീട്ടിലെത്തിയത്. ഈ സംഭവമാണ് കുടുംബത്തെ പൂർണമായും തകർത്തതെന്നും പിന്റു പറഞ്ഞു.
‘എന്റെ ഭാര്യ വായ്പ എടുത്തിരുന്നു. ഞങ്ങൾ അത് സാവധാനം തിരിച്ചടച്ച് വരികയായിരുന്നു. എന്നാൽ വായ്പാ ഏജന്റുമാർ സ്ഥിരമായി വീട്ടിലെത്തി അവളെ ശല്യം ചെയ്യുമായിരുന്നു.
ഭീഷണികളും അപമാനകരമായ സംസാരവുമുണ്ടായിരുന്നുവെന്ന് അവൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്,’ പിന്റു പറഞ്ഞു.
സ്ത്രീകൾക്ക് മാത്രമായി വായ്പ നൽകുന്ന ഇത്തരം സ്ഥാപനങ്ങൾ വീടുപണിയും മക്കളുടെ വിദ്യാഭ്യാസവും പോലുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വായ്പ നൽകുന്നതെന്നും, എന്നാൽ തിരിച്ചടവിൽ ചെറിയ താമസം വന്നാൽ കടുത്ത സമ്മർദം ചെലുത്തുന്നതായും അദ്ദേഹം ആരോപിച്ചു.
കുടുംബം മൊത്തം ഏകദേശം 1.5 ലക്ഷം രൂപ വായ്പ എടുത്തിരുന്നുവെന്നും അതിന്റെ ഭൂരിഭാഗവും ഇതിനകം തിരിച്ചടച്ചുകഴിഞ്ഞിരുന്നുവെന്നും പിന്റു പറഞ്ഞു.
ഏതാനും ഗഡുക്കൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മരണത്തിന് മുൻപ് വായ്പാ ഏജന്റ് വീട്ടിലെത്തിയിരുന്നുവെന്നാണ് കുടുംബത്തിന്റെ സംശയം. മറ്റ് കുടുംബപ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നും പിന്റു വ്യക്തമാക്കി.
സംഭവം മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനരീതിയെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് ഇടയാക്കി.
ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വായ്പാ സംവിധാനങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കണമെന്നും, പിരിവ് നടപടികളിൽ മാനുഷിക സമീപനം ഉറപ്പാക്കണമെന്നും സാമൂഹ്യപ്രവർത്തകർ ആവശ്യപ്പെട്ടു.









