സംസ്ഥാനത്ത് ശമ്പള- പെൻഷൻ പരിഷ്കരണത്തിന് ഇക്കുറി കമ്മിഷനില്ല; പകരം കമ്മറ്റി
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള–പെൻഷൻ പരിഷ്കരണത്തിനായി ഈവണ പ്രത്യേക ശമ്പളക്കമ്മിഷനെ നിയമിക്കേണ്ടെന്ന തീരുമാനത്തിലാണ് സർക്കാർ.
പകരം, ധന അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്താനാണ് തീരുമാനം.
കമ്മിറ്റിയെ നിയോഗിക്കുന്ന കാര്യം ധനവകുപ്പ് മുൻകൂട്ടി തീരുമാനിച്ചിരുന്നെങ്കിലും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
2019 ഒക്ടോബറിലാണ് ഒന്നാം പിണറായി സർക്കാർ 11-ാം ശമ്പളക്കമ്മിഷനെ നിയമിച്ചത്.
2019 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം നടപ്പാക്കുകയും, 2021 മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുതുക്കിയ ശമ്പളം വിതരണം ചെയ്യുകയും ചെയ്തു.
സംസ്ഥാനത്ത് ശമ്പള- പെൻഷൻ പരിഷ്കരണത്തിന് ഇക്കുറി കമ്മിഷനില്ല; പകരം കമ്മറ്റി
എന്നാൽ, 2024 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട 12-ാം ശമ്പളപരിഷ്കരണം കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ശമ്പളപരിഷ്കരണത്തിലെ കുടിശിക നാല് ഗഡുക്കളായി നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഇതിൽ രണ്ട് ഗഡുക്കൾ മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്; ബാക്കി രണ്ട് ഗഡുക്കൾ ഇനിയും നൽകാനുണ്ട്.
കുടിശികയടക്കം 28 ശതമാനം ക്ഷാമബത്ത (ഡിഎ) അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച ശേഷം അതിന്റെ 10 ശതമാനം കൂടി വർധിപ്പിക്കുന്ന രീതിയാണ് മുൻപരിഷ്കരണത്തിൽ സ്വീകരിച്ചത്.
ഇതിന് “അടിസ്ഥാന ശമ്പളം × 1.38 = പുതിയ അടിസ്ഥാന ശമ്പളം” എന്ന ഫോർമുലയാണ് ഉപയോഗിച്ചത്.
ഇത്തവണയും ഇതേ മാതൃകയിൽ, സമാനമായ ഫോർമുല പ്രയോഗിച്ച് ശമ്പളപരിഷ്കരണം നടപ്പാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് സർക്കാർ.
അതിനാലാണ് പ്രത്യേക കമ്മിഷനെ ഒഴിവാക്കി ഉദ്യോഗസ്ഥ സമിതിക്ക് ചുമതല നൽകാൻ തീരുമാനിച്ചത്. ശമ്പളത്തോടൊപ്പം വിവിധ അലവൻസുകളിലും വർധന പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
നിലവിൽ സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും പരമാവധി ശമ്പളം 1,66,800 രൂപയുമാണ്.
ഉദ്യോഗസ്ഥ സമിതിയുടെ ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ, ശമ്പള–പെൻഷൻ പരിഷ്കരണത്തിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.









