സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുടവൻമുകൾ സൗത്ത് റോഡ് മേരിവിലാസത്തിൽ അമൽ സുരേഷ് ആണ് പിടിയിലായത്.
ജനുവരി എട്ടിനായിരുന്നു പൊലീസ് ഓഫീസിൽ നിന്നുള്ള ബൈക്ക് മോഷണം.
കമ്മീഷണർ ഓഫീസിലെത്തിയ ഒരു പൊലീസുകാരന്റെ ബൈക്കാണ് അമൽ മോഷ്ടിച്ചത്. പരാതിയെ തുടർന്ന് സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചത്.
ബൈക്കുമായി നഗരത്തിൽ കറങ്ങിയ അമൽ രാത്രി 11 മണിയോടെ മാനവീയം വീഥിയിലെത്തുകയായിരുന്നു.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫീസർ അജുവും ഹോംഗാർഡ് സതീഷും പ്രതിയെ തിരിച്ചറിഞ്ഞ് വാഹനം പിടിച്ചെടുക്കുകയായിരുന്നു.
തുടർന്ന് കന്റോൺമെന്റ് പൊലീസ് അമലിനെ അറസ്റ്റ് ചെയ്തു. ഇയാൾ നേരത്തെയും ബൈക്ക് മോഷണക്കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, മറ്റൊരു സംഭവത്തിൽ കടയ്ക്കൽ മേഖലയിൽ ഇരുചക്രവാഹനങ്ങളും റബർ ഷീറ്റും മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിലായി.
ചിതറ സ്വദേശികളായ കൊല്ലായിൽ സ്വദേശി ആഷിക് (19), കിളിത്തട്ട് സ്വദേശി സജിത്ത് (22), തുമ്പമൺതൊടി സ്വദേശി മുഹമ്മദ് ഹാരിഷ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ ആഷിക് കടയ്ക്കൽ പൊലീസും സജിത്ത് പാങ്ങോട് പൊലീസും മുഹമ്മദ് ഹാരിഷിനെ തമിഴ്നാട് പൊലീസും അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നു രണ്ട് ആഡംബര ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച സംഘം, മോഷണ ബൈക്കിൽ കടയ്ക്കൽ കാഞ്ഞിരത്തുംമൂട്ടിൽ നിന്ന് റബർ ഷീറ്റ് മോഷ്ടിച്ച് കടന്നതായാണ് പൊലീസ് കണ്ടെത്തൽ.
തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
English Summary
A youth was arrested for stealing a bike from the Thiruvananthapuram City Police Commissioner’s Office. The accused, Amal Suresh, was caught at Manaveeyam Veedhi with the stolen vehicle.
thiruvananthapuram-police-commissioner-office-bike-theft-accused-arrested
Thiruvananthapuram, bike theft, Kerala Police, police commissioner office, Amal Suresh, Kadakkal, vehicle theft, crime news









