കൽപ്പറ്റ: കള്ളൻമാരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടുകാർ. ഇന്നലെ സംശയകരമായ രീതിയിൽ ഒരു അപരിചിതനെ കണ്ട നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അപ്പോഴാണ് വമ്പൻ ട്വിസ്റ്റ്, തങ്ങൾ പിടികൂടിയ ആള്‍ കൊലപാതക കേസിൽ ഒളിവിൽ പോയ പ്രതിയാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ഞെട്ടി.
രണ്ട് വർഷം മുമ്പാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തി ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവില്‍ പോയത്. ഗൂഢല്ലൂർ സ്വദേശി മോഹനനാണ് നാട്ടുകാർ മുഖാന്തരം പോലീസിലകപ്പെട്ടത്. പ്രതിയെ ബത്തേരി പൊലീസ് ഗൂഢല്ലൂർ പൊലീസിന് കൈമാറി.
മോഷണം പെരുകിയതോടെ പൊലീസ് അന്വേഷണത്തിന് പുറമെ നാട്ടുകാർ തന്നെ സംഘടിച്ച് നിരീക്ഷണവും നടത്തുന്നുണ്ട്. ഇതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ ഒരാള്‍ ഇവിടെ ചുറ്റിക്കറങ്ങത് കണ്ടത്.
പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചപ്പോള്‍ കഥ മാറുകയായിരുന്നു. നാട്ടുകാർ പിടിച്ചത് 2022 ലെ കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതി മൂലവയല്‍ വീട്ടില്‍ മോഹനനാണെന്ന് ബത്തേരി പൊലീസ് തിരിച്ചറിഞ്ഞതോടെ ഉടനെ കസ്റ്റഡിയില്‍ എടുത്തു.
രണ്ട് കൊല്ലം മുമ്പാണ് മോഹനൻ ഭാര്യ ഉഷയെ കസേര കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പ്രതി മോഹനൻ തന്നെയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ആറ് മാസത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഇയാളാണ് നാളുകള്‍ക്ക് ശേഷം വീണ്ടും പിടിയിലായത്.