കൊച്ചി: ഡിജിറ്റൽ ഡി അഡിക്ഷൻ പദ്ധതിയിലൂടെ എറണാകുളം ജില്ലയിൽ മാത്രം 144 കുട്ടികൾക്ക് പൊലീസ് കൈതാങ്ങായി. മൊബൈൽ ഫോൺ, ഇൻറർനെറ്റ് അടിമത്തത്തിൽനിന്ന് കുട്ടികളെ മോചിപ്പിക്കാനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയാണ് ഡി-ഡാഡ്. ഈ പദ്ധതി വഴിയാണ് കുട്ടികൾ മൊബൈൽ അടിമത്തത്തിൽനിന്ന് മോചിതരായത്.
കുട്ടികളിലെ അമിത മൊബൈൽ ഉപയോഗം, ഓൺലൈൻ ഗെയിം, അശ്ലീല സൈറ്റ് സന്ദർശനം, സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗം അടക്കമുള്ള പ്രശ്നങ്ങളാണ് ഡി-ഡാഡ് പരിഹരിക്കുന്നത്.
കൊച്ചിയുൾപ്പടെ സംസ്ഥാനത്ത് ആറ് കേന്ദ്രങ്ങളിലാണ് നിലവിൽ ഡി-ഡാഡ് ഡിജിറ്റൽ ഡി അഡിക്ഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. 2023 മാർച്ചിൽ ആരംഭിച്ച പദ്ധതി വഴി സംസ്ഥാനത്ത്ആകെ ഇതുവരെ അറുനൂറോളം കുട്ടികളാണ് മൊബൈൽ അടിമത്തത്തോട് വിട പറഞ്ഞത്.
ചെറിയ കുട്ടികളിൽ പോലും ഡിജിറ്റൽ അഡിക്ഷനും അതിനെ തുടർന്നുള്ള മാനസിക പ്രശ്നങ്ങളും വർധിച്ചുവരികയാണെന്നാണ് കണക്കുകൾ പറയുന്നു. ഒന്നര വർഷത്തിനിടെ ജില്ലയിലെ സിറ്റി പൊലീസ് പരിധിയിലാണ് 144 കുട്ടികൾ ഡി-ഡാഡ് പദ്ധതിയിലൂടെ ഡിജിറ്റൽ അഡിക്ഷനിൽനിന്ന് മോചിതരായത്.
18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗൺസലിങ്ങിലൂടെ ഡിജിറ്റൽ അഡിക്ഷനിൽ നിന്ന് മുക്തമാക്കുകയും സുരക്ഷിത ഇൻറർനെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കൾക്കുൾപ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് ചെയ്യുന്നത്.
കൊച്ചി സിറ്റിപോലീസിൽ മട്ടാഞ്ചേരി അസി. പൊലീസ് കമീഷണറുടെ ഓഫിസ് കെട്ടിടത്തിന്റെ താഴെ നിലയിലാണ് പ്രധാന സെൻറർ പ്രവർത്തിക്കുന്നത്. നഗര പരിധിയിൽനിന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സെൻട്രൽ പൊലീസ് സ്റ്റേഷനോട് ചേർന്ന് ഒരു സബ് സെൻററും ആഴ്ചയിൽ രണ്ട് ദിവസം പ്രവർത്തിച്ചുവരുന്നുണ്ട്
എറണാകുളം ജില്ല ആതിഥേയത്വം വഹിച്ച കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് വിദ്യാർഥികളാണ്. പ്രധാന വേദിയായിരുന്ന മഹാരാജാസ് സ്റ്റേഡിയത്തിൽ ഡിജിറ്റൽ അഡിക്ഷനെതിരെ സന്ദേശമുയർത്തി തയാറാക്കിയ സ്പെഷൽ പൊലീസിങ് പവലിയൻ ജനശ്രദ്ധ നേടിയിരുന്നു.
ഇവിടെയെത്തിയ വിവിധ ജില്ലകളിലെ 1250 ഓളം കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിത ഡിജിറ്റൽ ഉപയോഗത്തെ കുറിച്ച് ബോധവത്ക്കരണം നൽകി. കൂടാതെ 210 കുട്ടികളിൽ സമാർട്ട് ഫോൺ അഡിക്ഷൻ ടെസ്റ്റ് നടത്തി. പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ 80 ഓളം കുട്ടികൾക്ക് സഹായം ലഭ്യമാക്കുകയും ചെയ്തെന്ന് സിറ്റിപോലീസ് അധികൃതർ പറഞ്ഞു. കുട്ടികളിലെ ഡിജിറ്റൽ അഡിക്ഷനെതിരെ ഇക്കാലയളവിൽ 42 ബോധവത്കരണ പരിപാടികളും നടത്തിയിട്ടുണ്ട്.
കൗൺസലിങ്ങിന് വിളിക്കാം
കൊച്ചി സിറ്റി പൊലീസിന് കീഴിലെ രണ്ട് സെൻററുകളിലും സൈക്കോളജിസ്റ്റിന്റെ സേവനം പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ലഭ്യമാണ്. സിറ്റി പൊലീസിന്റെ ഈ സേവനം ഉപയോഗപ്പെടുത്താൻ ഡി-ഡാഡ് സെൻററിലെ ഫോൺ നമ്പറിൽ (9497975400) വിളിച്ച് അപ്പോയിൻമെൻറ് എടുക്കാവുന്നതാണ്.