കൊച്ചി: പറശിനിക്കടവ് ക്ഷേത്രദർശന വേളയിലാണ് എറണാകുളം ആമ്പല്ലൂർ സ്വദേശി പി.കെ. പ്രമോദിന്കുരുമുളക് കൃഷിയോട് കമ്പം കയറിയത്. ഇന്ന് പ്രമോദിൻ്റ തോട്ടത്തിലുള്ളത് 25ലേറെ അപൂർവയിനങ്ങളാണ്.
ബ്രസീലിയൻ തിപ്പലിയിലെ ഗ്രാഫ്റ്റിംഗ് ഉൾപ്പെടെ കുരുമുളകിന്റെ ഉത്പാദനം കൂട്ടാനും കൃഷി വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളുമുണ്ട്.
പുതിയവ കണ്ടെത്തി ഗ്രാഫ്റ്റിംഗ് പരമാവധിയാളുകളെ പഠിപ്പിക്കുന്ന പ്രമോദിനെ തേടി നിലവിൽ അയൽസംസ്ഥാനങ്ങളിൽ നിന്നടക്കം കർഷകരെത്തുന്നുണ്ട്.
ബ്രസീലിയൻ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് വള്ളിയിൽ നിന്ന് എല്ലാമാസവും വിളവെടുക്കാം എന്നതാണ് പ്രത്യേകത. പറശിനിക്കടവിൽ കണ്ടുമുട്ടിയ പയ്യാവൂർ സ്വദേശി സഹദേവനാണ് പ്രമോദിനെ കുരുമുളക് കൃഷിയിലേക്ക് എത്തിച്ചത്.
പ്രമോദിന് ഗുണമേന്മയുള്ള കുറച്ച് തൈകളും നൽകി. തുടർന്ന് ആറു വർഷം മുമ്പ് 15 സെന്റിൽ തുടങ്ങിയ പരീക്ഷണം പാട്ടത്തിനെടുത്ത ഒന്നരയേക്കറിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ഇന്ന്പ്രമോദിന്റെയും കുടുംബത്തിന്റെയും ജീവിതവും കുരുമുളകിന്റെ താങ്ങിലാണ്. ഭാര്യ അമ്പിളിയും ഇളയസഹോദരൻ അജിത്തുമാണ് പ്രമോദിൻ്റെ സഹായികൾ.
20,000ലേറെ തൈകൾ പ്രമോദിൻ്റെ നഴ്സറിയിലുണ്ട്. 90 മുതൽ 130 രൂപ വരെയാണ് ഒരെണ്ണത്തിന് വില വരുന്നത്.
സാധാരണ കൊടിയിൽ നിന്ന് വിളവെടുക്കാൻ 3 വർഷം വേണ്ടിവരുമെങ്കിൽ ഗ്രാഫ്റ്റ് ചെയ്ത കുറ്റിക്കുരുമുളക് നാലാം മാസം തിരിയിടും എന്നതാണ് പ്രത്യേകത.
പന്നിയൂർ (1 മുതൽ 10വരെ),കരിമുണ്ട,തെക്കൻ,ഹൈറേഞ്ച്,ബ്ലാക് ഗോൾഡ്,പഞ്ചമി,വട്ടമുണ്ടി, നീലമുണ്ടി,കൊറ്റനാടൻ,കുതിരവാലി,മടമ്പരത്തി,ശ്രീകര,പെരിങ്കൊടി എന്നിവയ്‌ക്കു പുറമേ തനിനാടൻ ഇനങ്ങളും പ്രമോദിൻ്റ പക്കലുണ്ട്.
തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്താൽ ഏതുകാലാവസ്ഥയുമായും പൊരുത്തപ്പെടും എന്നതാണ് പ്രത്യേകത. വെള്ളം കെട്ടിനിന്നാലും ചീയില്ല.
ചാണകപ്പൊടി,വേപ്പിൻ പിണ്ണാക്ക്,എല്ലുപൊടി എന്നിവയാണ് വളം. പച്ചച്ചാണകം,കടലപ്പിണ്ണാക്ക്,വേപ്പിൻപിണ്ണാക്ക് എന്നിവ 48 മണിക്കൂർ പുളിപ്പിച്ച് ഒരു കപ്പ് തെളിയിൽ രണ്ടിരട്ടിവെള്ളം ചേർത്ത് തളിക്കുകയാണ് പതിവ് കൃഷിരീതി.