മലപ്പുറം : മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കിയാതായി ആരോഗ്യമന്ത്രി വീണാ ജോർജ്. There are 23 people in the contact list of M Pox infected person
എം പോക്സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും.
ദുബായിൽ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്.
ചികിത്സയിലുള്ള എടവണ്ണ ഒതായി സ്വദേശിയായ യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.
മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്.
ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കും.
നിപ ഇനി രണ്ടാമതൊരാൾക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.