കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസിന്റെ നിയന്ത്രണത്തിലുള്ള മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം. സിറ്റി പൊലീസ് ആസ്ഥാനത്തിനോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് ഭണ്ഡാരം കവർച്ച ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ഇന്നലെ പുലർച്ചെ അഞ്ചേമുക്കാലിന് ക്ഷേത്രത്തിൽ ജീവനക്കാർ എത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ കാണാതായതായി വിവരം ലഭിച്ചത്.തലേദിവസംരാത്രി 8.45 വരെ ജീവനക്കാർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.
തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി നടത്തിയ പരിശോധനക്കിടെ ക്ഷേത്രത്തിനു സമീപത്തെ ഓടയിൽ നിന്ന് രണ്ടു ഭണ്ഡാരങ്ങൾ പുല്ലുകൊണ്ട് മൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട്സിറ്റി ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ സുധീറാണ് ഭണ്ഡാരങ്ങൾ കണ്ടെത്തിയത്.
അടുത്തിടെയാണ് ഭണ്ഡാരം ക്ഷേത്ര അധികൃതർ തുറന്നത്. അതിനാൽ നിലവിൽ കൂടുതൽ പണം ഭണ്ഡാരത്തിൽ ഉണ്ടായിരുന്നില്ല. പാവമണി റോഡ് ഭാഗത്തുനിന്നാണ് പ്രതി ക്ഷേത്രത്തിൽ എത്തിയത് എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
എസ്.സി.പി.ഒ ശാലു, സി.പി.ഒ സുജിത് എന്നീ സിറ്റി സ്ക്വാഡ് അംഗങ്ങളും കസബ സ്റ്റേഷനിലെ എസ്.ഐ ജഗ്മോഹൻ ദത്തൻ, സി.പി. സജേഷ്, സുധീർ, സുദേഷ്, ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.