കൊച്ചി: ഡിജെ അലൻ വാക്കറിന്‍റെ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ നഷ്ടമായ സംഭവത്തിൽ മോഷണം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തിയതായാണ് പോലീസ് പറയുന്നത്. ഫോണുകൾ ട്രാക്ക് ചെയ്തതിലൂടെയാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്.(Theft during Alan Walker’s show)
പരിപാടിക്കിടെ 38 ഫോണുകളാണ് മോഷണം പോയെന്ന പരാതി ലഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സൺ ബേൺ അറീന ഫീറ്റ് അലൻ വാക്കർ സംഗീതനിശ കൊച്ചിയില്‍ നടന്നത്. വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തുടനീളം 10 നഗരങ്ങളിൽ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു ഇത്.
തുറന്ന വേദിയിൽ ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.