നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും, നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട് വെറുക്കും എന്ന് ഒരുവടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ചന്തു നായികയായ മാധവിയുടെ കഥാപാത്രമായ ഉണ്ണിയാർച്ചയുടെ മുഖത്തുനോക്കി പറഞ്ഞത് കേലവം സിനിമാ വാചകങ്ങൾ മാത്രമായിരുന്നില്ല. മറിച്ച്, എംടിക്ക് മാത്രം പറയാൻ പറ്റുന്ന ചില കാഴ്ച്ചപ്പാടുകളായിരുന്നു. ഒരേ പെണ്ണിനാൽ പലവട്ടം വഞ്ചിക്കപ്പെടുന്ന കാമുകന്റെ ആത്മരോദനം മാത്രമായിരുന്നില്ല അത്. സ്ത്രീസഹജമായ ചാപല്യങ്ങളെ കാലാതീതമായി നിർവചിക്കുകയായിരുന്നു എംടി ഈ വാക്കുകളിലൂടെ ചെയ്തത്. പക്ഷെ ഇത് ഇന്നായിരുന്നെങ്കിലോ?
അതുപോലെ തന്നെ നിർമ്മാല്യം എന്ന സിനിമയിൽ വിഗ്രഹത്തിൽ കാർക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടിനെ ആവിഷ്കരിക്കുന്നത് ഇക്കാലത്താണെങ്കിൽ ജാതി – മതവികാരങ്ങൾ വ്രണപ്പെട്ടെന്ന് ആരോപിച്ച് എംടിക്ക് നേരേ ആക്രമണം ഉണ്ടാകുമായിരുന്നു. രണ്ടാമൂഴം എഴുതുന്നത് ഇക്കാലത്തായിരുന്നെങ്കിൽ ഇതിഹാസത്തെ വികലമാക്കിയെന്നാകും സോഷ്യൽമീഡിയയിൽ ഉയരുന്ന വിവാദം. ഒരു വടക്കൻ വീരഗാഥയും ചരിത്രത്തെ വളച്ചൊടിച്ചെന്നും സ്ത്രീവിരുദ്ധമെന്നും പറഞ്ഞ് പ്രതിരോധിക്കാൻ നിരവധിപേരുണ്ടാകുമായിരുന്നു. എന്നാൽ, കാലഘട്ടം ആവശ്യപ്പെട്ടതെല്ലാം മായം ചേർക്കാതെയും വളച്ചുകെട്ടാതെയും മടികൂടാതെ എംടി തുറന്നെഴുതിക്കൊണ്ടിരുന്നു. എംടി എന്ന ദ്വയാക്ഷരിയുടെ തൂലികക്ക് മാത്രം ജന്മം നൽകാൻ കഴിയുന്ന കഥകളും കഥാപാത്രങ്ങളും എംടിയുടെ കാലത്തിന് ശേഷവും ശോഭ മങ്ങാതെ നിലനിൽക്കുന്നതും അതുകൊണ്ടാണ്.
ഒരുപക്ഷേ എംടി വാസുദേവൻ നായർ എന്ന എഴുത്തുകാരന് തന്റെ സാഹിത്യസൃഷ്ടികളിൽ തുറന്നെഴുത്തിന് തുണയായി നിന്നത് കാലഘട്ടം തന്നെയാകണം. ഇന്നായിരുന്നെങ്കിൽ മതവും ജാതിയും പെൺപക്ഷവും പ്രാദേശിക വികാരങ്ങളുമെല്ലാം ചേർന്ന് ഇങ്ങനെയൊരു എഴുത്തിന് വെല്ലുവിളി കടുത്ത സൃഷ്ടിക്കുമായിരുന്നു. സാഹിത്യ സൃഷ്ടികളെ ആ നിലയിൽ കാണാൻ പ്രാപ്തിയുള്ളൊരു സമൂഹത്തിലായിരുന്നു എംടിയുടെ ഇടപെടലുകളത്രയും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കാലഘട്ടം ആവശ്യപ്പെട്ടിടത്താണ് എംടി എന്ന എഴുത്തുകാരന്റെ ജനനം.
സമകാലിക അനീതികൾക്കെതിരെ അക്ഷരങ്ങളിൽ അഗ്നി പകരുമ്പോഴും, കേട്ടുതഴമ്പിച്ച കഥകളിലെ നിശബ്ദ വേഷങ്ങൾക്ക് ശബ്ദം പകരുമ്പോഴും, പെൺമനസ്സിന്റെ നിഗൂഢതകളെയും ചാപല്യങ്ങളെയും തുറന്നെഴുതുമ്പോഴും എംടിയെ ആരും വിമർശിച്ചില്ല. വിലക്ക് കൽപ്പിച്ചില്ല.. ഊരുവിലക്ക് പ്രഖ്യാപിച്ചുമില്ല. എന്തിലും ഏതിലും വ്രണപ്പെടുന്ന വികാരത്തെ വളർത്തുന്ന വർത്തമാന കാലത്തായിരുന്നെങ്കിൽ തന്റെ പല കൃതികളും വെളിച്ചം കാണില്ലായിരുന്നു എന്ന് എംടി തന്നെ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.