തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതുൾപ്പെടെയുള്ള ഒത്തുതീർപ്പ് നിർദേശങ്ങൾ മന്ത്രി ഗണേശ്‌കുമാർ വാക്ക് പാലിച്ചില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ.
രണ്ട് എം.വി.ഐമാരുള്ള ഓഫീസുകളിൽ ഒരാൾക്ക് 40 എന്ന ക്രമത്തിൽ 80 ടെസ്റ്റുകൾ നടത്താനാണ് ധാരണയായത്. ഒരു എം.വി.ഐ മാത്രമുള്ള ഓഫീസുകളിൽ അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കിൽ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിൽ നിന്ന് ഒരാളെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും മേയ് 15ന് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായിരുന്നു.
എന്നാൽ, ഇപ്പോഴും 40 ടെസ്റ്റ് മാത്രമെ നടക്കുന്നുള്ളൂ. ഒരു എം.വി.ഐ മാത്രമേ ഉള്ളൂവെന്നാണ് വിശദീകരണം. അതേസമയം, ഇൻസ്ട്രക്ടർമാർ ടെസ്റ്റിന് എത്തണമെന്ന നിബന്ധന കർശനമാക്കുകയും ചെയ്തു. ഫലത്തിൽ സർക്കാർ കബളിപ്പിച്ചെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ പറയുന്നു. ഇതു തുടർന്നാൽ സ്കൂളുകൾ പൂട്ടേണ്ടി വരുമെന്ന് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ട്രഷറർ സൗമിനി മോഹൻദാസ് പറഞ്ഞു.
ഡ്രൈവിംഗ് ടെസ്റ്റ് നിബന്ധനകൾ പരിഷ്‌കരിച്ച് സർക്കാർ 22ന് ഉത്തരവിറക്കിയിരുന്നു.സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംഘടനകളുടെ എതിർപ്പിനെ മറികടന്നായിരുന്നു. പകുതിയിലേറെ പേർ ടെസ്റ്റിൽ പരാജയപ്പെടുകയാണ്. ലേണേഴ്സ് ലൈസൻസിന്റെ കലാവധി നീട്ടുമെന്ന തീരുമാനവും നടപ്പിലായിട്ടില്ല.
Read Also:യുവാവിന് ആൾക്കൂട്ടമർദ്ധനം; കൊടും ക്രിമിനലായ കടയ്ക്കാവൂർ സ്വദേശി അജിത്തും കൂട്ടാളിയും പിടിയിൽ