കോട്ടയം: യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയെ അറസ്റ്റ് ചെയ്തു. കോട്ടയം അകലകുന്നത്താണ് സംഭവം. അകലക്കുന്നം സ്വദേശി രതീഷ് മർദനമേറ്റു മരിച്ച സംഭവത്തിലാണു രതീഷിന്റെ ഭാര്യ അകലക്കുന്നം തവളപ്ലാക്കൽ തെക്കേക്കുന്നേൽ മഞ്ജു ജോണിനെ (34) പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.The wife was arrested in the case of the death of the young man.
മഞ്ജുവിന്റെ സുഹൃത്തായ അകലക്കുന്നം സ്വദേശി ശ്രീജിത്താണു സ്കൂട്ടറിൽ വീട്ടിലേക്കു പോവുകയായിരുന്ന രതീഷിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. ശ്രീജിത്ത് നേരത്തേ അറസ്റ്റിലായിരുന്നു.
കഴിഞ്ഞദിവസം രാത്രിയിലാണ് അകലകുന്നം സ്വദേശിയായ രതീഷ് കൊല്ലപ്പെടുന്നത്. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന സമയം തവളപ്ലാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ശ്രീജിത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി കയ്യിൽ കരുതിയിരുന്ന മരക്കമ്പ് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും, ചവിട്ടി ആന്തരികാവയവങ്ങൾക്ക് കേടുവരുത്തി ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ കുറവിലങ്ങാടിന് സമീപത്ത് നിന്നും പൊലീസ് സംഘം പിടികൂടുകയായിരുന്നു.
ഗുഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജുവും ശ്രീജിത്തുമായുള്ള ബന്ധം ഭർത്താവായ രതീഷ് ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നാണ് ഗൂഢാലോചന നടത്തി രതീഷിനെ ഇരുവരും കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
വിദേശത്തു നിന്നും ഭർത്താവിന്റെ സംസ്‌കാരത്തിന് എത്തിയപ്പോഴാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.”