ബംഗ്ലാദേശിനെ തോൽപ്പിച്ച് അഫ്ഗാൻ ക്രിക്കറ്റ് ടീം ടി20 ലോകകപ്പ് സെമിഫൈനലിലെത്തി പുതിയ ചരിത്രമെഴുതുമ്പോൾ വർഷങ്ങളായി അഫ്ഗാൻ ടീമിന് നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യയോട് നന്ദി പറഞ്ഞു താലിബാൻ. “അഫ്ഗാൻ ക്രിക്കറ്റ് ടീമിൻ്റെ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യയുടെ തുടർച്ചയായ സഹായത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്. താലിബാൻ്റെ പൊളിറ്റിക്കൽ ഓഫീസ് മേധാവി സുഹൈൽ ഷഹീൻ -പറഞ്ഞു. (The Taliban thanked India for making Afghanistan into the World Cup semi-finals)
ബംഗ്ലാദേശിനെ എട്ട് റൺസിന് തോൽപ്പിച്ചാണ് അഫ്ഗാനിസ്ഥാൻ സെമിഫൈനലിന് യോഗ്യത നേടിയത്. വ്യാഴാഴ്ച അവർ ദക്ഷിണാഫ്രിക്കയെ നേരിടും. കഴിഞ്ഞ കുറേ വർഷങ്ങളായി, ഇന്ത്യൻ സ്റ്റേഡിയങ്ങളിൽ കളിക്കാർക്ക് പരിശീലനം നൽകിക്കൊണ്ട്, ഇന്ത്യൻ കമ്പനികളുടെ സ്പോൺസർഷിപ്പ് എന്നിവയിലൂടെയാണ് അഫ്ഗാനിസ്ഥാൻ തന്റെ ക്രിക്കറ്റ് ശേഷി വർദ്ധിപ്പിക്കുന്നത്. 1 മില്യൺ ഡോളർ ധനസഹായത്തോടെ കാണ്ഡഹാർ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിലും ഡൽഹിയുടെ പിന്തുണ പ്രധാനമാണ്.
2018 ൽ അഫ്ഗാനിസ്ഥാൻ്റെ ആദ്യ ടെസ്റ്റ് മത്സരത്തിനും ഇന്ത്യ ആതിഥേയത്വം വഹിച്ചു, ഇത് അഫ്ഗാൻ ക്രിക്കറ്റ് ടീമിന് ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗും (ഐപിഎൽ) അഫ്ഗാൻ ക്രിക്കറ്റിൻ്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ തുടങ്ങിയ കളിക്കാർ ഇതിലൂടെ വളർന്നു വന്നവരാണ്.