ദേവിന റെജി
”കറുത്തമ്മ പോയാലും ഈ കടാപ്പുറത്ത് നിന്ന് ഞാന്‍ പോകില്ല. ഞാന്‍ എന്നും ഇവിടെ ഇരുന്ന് ഉറക്കെ ഉറക്കെ പാടും. അങ്ങനെ പാടിപ്പാടി ഞാന്‍ ചങ്കുപൊട്ടി ചാകും”
കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടിയുടെ ഈ വാക്കുകള്‍ മലയാളിയുടെ ഹൃദയത്തിലേക്കാണ് തറച്ചുകയറിയത്. അത്രത്തോളം അവിസ്മരണീയമായിരുന്നു വെള്ളിത്തിരയില്‍ വിഷാദകാമുകനായി പകര്‍ന്നാട്ടം നടത്തിയ മധുവിന്റെ ഭാവാഭിനയം..
മലയാള സിനിമയുടെ ബാല-കൗമരവും യുവത്വവും പിന്‍കാലത്തെ മഹത്തായ നേട്ടങ്ങളുമൊക്കെ അടുത്തറിഞ്ഞ കാരണവര്‍ മാധവന്‍ നായര്‍ എന്ന മധു ഇന്ന് നവതിയുടെ നിറവിലാണ്. പകരം വയ്ക്കാനാകാത്ത കഥാപാത്രങ്ങളിലൂടെ മലയാളീഹൃദയങ്ങളില്‍ തന്റേതായ സ്ഥാനമുറപ്പിച്ച അതുല്യ പ്രതിഭയെ കുറിച്ചുള്ള വിശേഷണങ്ങള്‍ വാക്കുകളിലൂടെ വിവരിക്കുക എളുപ്പമല്ല.
പ്രേംനസീറും സത്യനും നിറഞ്ഞുനിന്ന കാലത്താണ് മധുവിന്റെ രംഗപ്രവേശം. നായക സങ്കല്‍പങ്ങള്‍ക്ക് ചേര്‍ന്ന ആകാരവും അഭിനയിക്കാനുള്ള കഴിവും മധുവിലേക്ക് അവസരങ്ങള്‍ എത്തിച്ചു. അധികം വൈകാതെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ സ്ഥാനം നേടിയെടുക്കാന്‍ മധുവിനായി.
മലയാളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ ബോക്സ്ഓഫീസ് ഹിറ്റായ കുട്ടിക്കുപ്പായത്തിലും മുറപ്പെണ്ണിലും കാട്ടുപൂക്കളിലുമെല്ലാം തനിമയുള്ള, ജീവസുറ്റ കഥാപാത്രങ്ങളാണ് മധുവിനെ തേടിയെത്തിയത്. പിന്നീട് ഭാസ്‌കരന്‍ മാഷിന്റെ ആദ്യ കിരണങ്ങളിലെ പാപ്പച്ചനും സുബൈദയിലെ മമ്മുവും വഴി മധു നസീറിനും സത്യനുമിടയില്‍ തന്റേതായ ഒരു സ്ഥാനം ഒരുക്കിയെടുത്തു.
ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു മധു വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തില്‍ അന്നത്തെ ആസ്ഥാന പേരിടല്‍ കാരണവരായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആണ് മാധവന്‍ നായരെ മധു എന്ന് വിളിച്ചത്. ആദ്യം അഭിനയിച്ച മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പാടുകളായിരുന്നു. ഈ ചിത്രത്തില്‍ പ്രേംനസീറിന്റെ നായക കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം മധു പുറത്തെടുത്തു. സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു അന്ന് മധു ചെയ്തത് എന്നത് കാലം കാത്തുവച്ച മറ്റൊരു കൗതുകമായിരുന്നു.
എന്നാല്‍, മലയാളി പ്രേക്ഷകന്‍ മധുവിനെ എല്ലാ അര്‍ഥത്തിലും പ്രണയിച്ചു തുടങ്ങിയത് ചെമ്മീനോടെയാണ്. ദേശീയതലം വരെയെത്തിയ പരീക്കുട്ടിയുടെ പെരുമയ്ക്കൊപ്പം മധു നായകനിരയിലേയ്ക്കും മെല്ലെ ചുവടുവച്ചു.നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യ ബാച്ചിലെ ഏക മലയാളിയായ മധു നാടകരംഗത്ത് സജീവമാകാനാണ് ആഗ്രഹിച്ചത്. എന്നാല്‍ സിനിമയെന്ന മായികലോകത്തിന്റെ വാതായനങ്ങളാണ് മധുവിന് മുന്നില്‍ മലര്‍ക്കെ തുറന്നിട്ടത്.
ആറ് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതത്തില്‍ ചമയങ്ങളിഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുക മാത്രമല്ല, 12 സിനിമകള്‍ക്കായി സംവിധായകന്റെ മേലങ്കിയും അണിഞ്ഞു.താരജാഡ കാട്ടാതെ ഊഷ്മളമായ സ്‌നേഹബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മധു തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്തംബര്‍ 23നാണ് ജനിച്ചത്. 90 ന്റെ നിറവില്‍ എത്തിനില്‍ക്കുന്ന വെള്ളിത്തിരയുടെ മാധവം, സിനിമാപ്രേമികളുടെ പ്രിയ കലാകാരന് ന്യൂസ് ഫോര്‍ മീഡിയയുടെ പിറന്നാള്‍ ആശംസകള്‍…
Read Also:സായ് പല്ലവിയുടെ വിവാഹം : സത്യാവസ്ഥ എന്ത്