ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടിട്ടും തളർന്നില്ല. എല്ലാം തരണം ചെയ്ത തിരിച്ചുവന്ന മാത്യു ബെന്നി എന്ന കുട്ടിക്കർഷകൻ്റെ കഥയറിയാം…
തൊടുപുഴ വെള്ളിയാമറ്റം സ്വദേശി മാത്യു ബെന്നി എന്ന കുട്ടി ക്ഷീരകർഷകൻ്റെ തൊഴുത്തിൽ ഇന്ന് 23 പശുക്കളുണ്ട്. ഒരു വർഷത്തിനപ്പുറമുണ്ടായിരുന്നതിനേക്കാൾ ഒരെണ്ണം കൂടുതൽ.
പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ നീട്ടിയ സഹായ ഹസ്തം ജീവിതം കൂടുതൽ സുന്ദരമാക്കിയ കഥയാണ് ഈ പ്ലസ് ടു വിദ്യാർഥിക്ക് പറയാനുള്ളത്. മാത്യു ബെന്നിയെ കേരളം അറിയും.
പഠനത്തോടൊപ്പം 22 പശുക്കളെ പരിപാലിച്ചിരുന്ന മാത്യുവിന്റെ തൊഴുത്തിൽ ഡിസംബർ 31നു രാത്രി 8നു കഴിക്കാൻ നൽകിയ കപ്പത്തൊണ്ടിൽ നിന്നു വിഷബാധയേറ്റ് 13 പശുക്കൾ ചത്തു.
2024 ലെ പുതുവർഷ ദിനത്തിൽ കുടുബത്തിൻ്റെ ആശ്രയമായിരുന്ന പശുക്കളെ നഷ്ടപ്പെട്ടതിൽ ഹൃദയം തകർന്നിരിക്കുന്ന മാത്യുവിനെയും കുടുംബത്തെയുമാണ് കേരളം കണ്ടത്.
സംഭവമറിഞ്ഞ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓടിയെത്തി ഈ കുടുംബത്തെ ആശ്വസിപ്പിച്ചു.
മന്ത്രി ഇടപെട്ട് 5 പശുക്കളെ മാട്ടുപ്പെട്ടി ഫാമിൽ നിന്ന് സർക്കാരിന്റെ വകയായി എത്തിച്ചു നൽകി.
ഭാവിയുടെ മുന്നിൽ പകച്ചു നിന്ന കുട്ടി കർഷകനെ സമാശ്വസിപ്പിച്ച് പിന്നെ സഹായത്തിൻ്റെ ഒഴുക്കായിരുന്നു മാത്യുവിൻ്റെ തൊഴുത്തിലേയ്ക്ക്.
തൊടുപുഴ എംഎൽഎ പി.ജെ ജോസഫ് കരീന എന്ന ഒരു പശുവിനെ നൽകി. കത്തോലിക്ക കോൺഗ്രസ് ഒരു പശുവിനെയും കിടാവിനെയും നൽകി. സിപിഎം പാർട്ടി മൂന്നു പശുക്കളെ നൽകി. കൂടാതെ നിരവധി പ്രമുഖരുടെ ധനസഹായവും ലഭിച്ചു.
ചാകാതെ രക്ഷപ്പെട്ട 9 കാലികളും സഹായമായി ലഭിച്ച 11 എണ്ണവും മാത്യുവിന്റെ തൊഴുത്തിൽ പിറന്ന കിടാങ്ങളും ഉൾപ്പെടെ 23 കന്നുകാലികളുണ്ട് ഇപ്പോൾ തൊഴുത്തിൽ.
“ന്യൂ ഇയറിൻ്റെ തിരക്കായതിനാൽ മൃഗഡോക്ടർമാരെ വിളിച്ചിട്ട് ആരും വന്നില്ല. മന്ത്രി ചിഞ്ചുറാണിയുടെ പി.എയെ വിളിച്ച് കാര്യം പറഞ്ഞു. മന്ത്രി നേരിട്ട് ഫോണിൽ സംസാരിച്ചു. പിറ്റേന്ന് ഇവിടെയെത്തി. കെ.എൽ.ഡി ബോർഡ് മാട്ടുപ്പെട്ടി ഫാമിൽ നിന്ന് 5 പശുക്കളെ തന്നു,” മാത്യു ബെന്നി ഓർക്കുന്നു.
പിതാവിൻ്റെ മരണശേഷം 13-ാം വയസിൽ കുടുംബത്തിന്റെ ഭാരം ഏറ്റെടുത്ത മാത്യുവിന് ആ സംഭവം വൻ ആഘാതമായിരുന്നു. തൊഴുത്തിലെ ശൂന്യതയും വൻ സാമ്പത്തിക പ്രതിസന്ധിയും കുടുംബത്തെ നിരാശയിലാഴ്ത്തിയപ്പോഴായിരുന്നു സർക്കാരിൻ്റെ അതിവേഗത്തിലുള്ള നടപടികൾ.
സർക്കാർ നൽകിയ പശുക്കളിൽ കിടാങ്ങളുണ്ടായി. ‘സ്ഥിരമായ പാലുൽപ്പാദനം ഈ കുടുംബത്തിന് വീണ്ടും ആശ്വാസവും ആത്മവിശ്വാസവും നൽകി.
പഠനത്തോടൊപ്പം പുലർച്ചെ പശുക്കൾക്ക് തീറ്റ കൊടുക്കൽ, തൊഴുത്ത് ശുചീകരിക്കൽ, വൈകുന്നേരം പാൽ കറക്കൽ എന്നീ ജോലികളിൽ സഹായമായി മാത്യുവിന് ഒപ്പം അമ്മ ഷൈനിയുമുണ്ട്.

സഹോദരി റോസ്മേരി അറക്കുളം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഇതിനിടെ ചേട്ടൻ ജോർജ് ലണ്ടനിൽ പഠനത്തിനായി പോയി.
കുട്ടിക്കാലം മുതൽ തന്നെ ക്ഷീരകൃഷിയിലും പശു പരിപാലനത്തിലുമിറങ്ങി വളർന്ന മാത്യു, ഇന്ന് “കുട്ടി ക്ഷീരകർഷകൻ” എന്ന നിലയിൽ പ്രദേശത്ത് ശ്രദ്ധേയനാണ്. മികച്ച ഒരു കർഷകനാകാൻ ആഗ്രഹിക്കുന്ന മാത്യു ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.
2 ഏക്കറോളം സ്ഥലത്താണ് ഇവരുടെ കൃഷി. ദുരന്തത്തെ മറികടന്ന് ആത്മാർത്ഥ പരിശ്രമവും സമൂഹത്തിൻ്റെ കരുതലും കൊണ്ട് മുന്നേറുന്ന ഈ കുട്ടി കർഷകന്റെ കഥ എല്ലാവർക്കും പ്രചോദനമാണ്.