ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബാസ്റ്റിലെ ദിന പരേഡിലെ വിശിഷ്ടാതിഥിയാണ് മോദി. സുരക്ഷ, ആണവോര്‍ജ്ജ സാങ്കേതിക വിദ്യ, സൈബര്‍ സുരക്ഷ എന്നിവ മോദി-മാക്രോണ്‍ കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്. യുഎഇ കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും മോദിയുടെ മടക്കം.
26 റഫാല്‍ പോര്‍ വിമാനങ്ങളും രണ്ട് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളും വാങ്ങുന്നതടക്കം സുപ്രധാന പ്രതിരോധ ഇടപാടുകള്‍ മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമാണ്. ഫ്രാന്‍സില്‍ നിന്ന് നേരത്തെ ഇന്ത്യ വാങ്ങിയ മൂന്ന് റഫാല്‍ പോര്‍ വിമാനങ്ങളും പരേഡിനൊപ്പമുളള വ്യോമാഭ്യാസങ്ങളില്‍ പങ്കെടുക്കും. ഇന്ത്യയില്‍ വിമാന എന്‍ജിന്‍ സംയുക്തമായി നിര്‍മിക്കാനുളള പദ്ധതി പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്രയില്‍ ജയ്താപുരില്‍ 1650 മെഗാവാട്ട് ആണവോര്‍ജ നിലയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചര്‍ച്ചകളുണ്ടാവും.
മടക്കയാത്രയില്‍ 15ന് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഊര്‍ജം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലെ സഹകരണം ചര്‍ച്ച ചെയ്യും.
നേരത്തെ ഒരു സമഗ്ര സാമ്പത്തിക കരാര്‍ യുഎഇയും ഇന്ത്യയും ഒപ്പുവെച്ചിരുന്നു. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കരാര്‍ ഒപ്പിട്ടതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും കയറ്റുമതി, ഇറക്കുമതി രംഗത്ത് ഗണ്യമായ നേട്ടങ്ങളാണ് ഉണ്ടായത്. ഇതിന്റെ തുടര്‍ നടപടികളും മോദിയും യുഎഇ പ്രസിഡന്റും ചര്‍ച്ച ചെയ്യും. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചക്കോടിയില്‍ പ്രത്യേകാതിഥിയാണ് യുഎഇ. അഞ്ചാം തവണയാണ് മോദി യുഎഇ സന്ദര്‍ശിക്കുന്നത്.