തിരുവനന്തപുരം: ശമ്പളം മുടങ്ങിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്. ജീവനക്കാര്‍ സിഎംഡി ഓഫീസ് ഉപരോധിക്കും. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. ഐഎന്‍ടിയുസി യൂണിയന് ഒപ്പം സിഐടിയു യൂണിയനും സമരത്തില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.
ജൂണ്‍ മാസത്തെ ശമ്പളമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഭിക്കാനുളളത്. അതേസമയം കെഎസ്ആര്‍ടിസിക്ക് കളക്ഷന്‍ കുറവാണെന്ന് മാനേജ്‌മെന്റ് പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ ശമ്പളം വിതരണം ചെയ്യും. സര്‍ക്കാരില്‍ നിന്ന് ഇന്ന് സഹായം ലഭിക്കുമെന്നും സിഎംഡി അറിയിച്ചു.
അതിനിടെ, ശമ്പളം മുടങ്ങിയതോടെ കൂലിപ്പണി എടുക്കാന്‍ അവധി ചോദിച്ചുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കത്ത് നല്‍കിയത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് ?ഗതാ?ഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പും ധന വകുപ്പും സഹകരണ വകുപ്പും തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ നല്‍കികൊണ്ടിരിക്കുന്നത്. പെന്‍ഷന്‍ തുക സംബന്ധിച്ചുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. പലിശയുടെ കാര്യത്തില്‍ പുതിയ കരാര്‍ വരുമ്പോള്‍ മാത്രമേ മാറ്റത്തിന്റെ ആവശ്യമുളളു. പലിശയെ കുറിച്ച് ഒരു ഡിപ്പാര്‍ട്ട്മെന്റും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ചാലക്കുടി ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ മൂന്ന് ദിവസത്തെ അവധി ചോദിച്ച് കത്തയച്ചിരുന്നത്.
സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് ശമ്പള വിതരണം വൈകാന്‍ കാരണം. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യ?ഗഡു നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. മൂന്ന് മാസം മുമ്പ് വരെ 50 കോടിയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കുകയായിരുന്നു. ഓണത്തിനുളള ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് മാനേജ്‌മെന്റ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നത്. രണ്ട് മാസത്തെ പെന്‍ഷനും കൊടുത്ത് തീര്‍ക്കാനുണ്ട്. പെന്‍ഷനുമായി ബന്ധപ്പെട്ട് ജൂണിലാണ് പുതിയ കരാര്‍ ഒപ്പുവെക്കുന്നത്. ഇത് വൈകിയതാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണം.
കൂലിപ്പണിക്കായി അവധി ചോദിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍
തൃശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍. ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാന്‍ അവധി ചോദിച്ചായിരുന്നു കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവര്‍ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചത്. കുടുംബം പോറ്റാന്‍ നിവൃത്തിയില്ലാതെയാണ് അവധിക്കപേക്ഷിച്ചതെന്ന് ഡ്രൈവര്‍ എം സി അജു പറഞ്ഞു. ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പോലും കാശില്ല. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു.