ഡ്യൂട്ടി കഴിഞ്ഞെന്നും വിമാനം പറത്താനാകില്ലെന്നും പൈലറ്റ്. ഇതോടെ വിമാനം വൈകിയത് അഞ്ച് മണിക്കൂർ. യാത്രക്കാർ പൈലറ്റിനോട് കയർത്തെങ്കിലും സമയം കഴിഞ്ഞതോടെ വിമാനം പറത്താനാകില്ലെന്ന നിലപാടാണ് പൈലറ്റ് സ്വീകരിച്ചത്.The pilot said that his duty was over and he could not fly the plane. Due to this, the flight was delayed for five hour
പൂനെയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ സെപ്റ്റംബർ 24ന് നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഫ്ലൈറ്റ് റഡാർ 24 -ൽ നിന്നുള്ള ഡാറ്റ അനുസരിച്ച് വിമാനം പുലർച്ചെ 12.45 -ന് പൂനെയിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, പുലർച്ചെ 5.44 -നാണ് വിമാനം പൂനെയിൽ നിന്നും പുറപ്പെട്ടത്.
6.50 ഓടെ ബെംഗളൂരുവിൽ ലാൻഡ് ചെയ്തു. സെപ്റ്റംബർ 24 -നാണ് സംഭവമുണ്ടായതെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
തന്റെ ജോലിസമയം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് പൈലറ്റ് ഡ്യൂട്ടിക്ക് കയറാൻ തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
വിശദീകരണം ആവശ്യപ്പെട്ട് യാത്രക്കാർ എഴുന്നേറ്റപ്പോൾ പൈലറ്റ് കോക്പിറ്റ് വാതിൽ അടയ്ക്കുന്നതും വൈറലായ വീഡിയോയിൽ കാണാം.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ വലിയ വിമർശനമാണ് ഇൻഡിഗോ എയർലൈൻസിനെതിരെ ഉയർന്നത്.
എന്നാൽ, യാത്രക്കാരുടെ സുരക്ഷയ്ക്കായി പൈലറ്റിൻ്റെയും ക്രൂവിൻ്റെയും ഡ്യൂട്ടി സമയം സജ്ജീകരിച്ചിട്ടുണ്ടെന്ന് വീഡിയോയോട് പ്രതികരിച്ചുകൊണ്ട് വ്യോമയാന വിദഗ്ധൻ സഞ്ജയ് ലാസർ വിശദീകരിച്ചു.
പൈലറ്റുമാർക്ക് അവരുടെ ഡ്യൂട്ടി സമയ പരിധിയിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ല എന്നും അങ്ങനെ ചെയ്താൽ അത് അവരുടെ ലൈസൻസിനെ ബാധിക്കുകയും പെനാൽറ്റി ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്യൂട്ടി പരിമിതികൾ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ ആണെങ്കിലും, വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മയിൽ യാത്രക്കാർ അതൃപ്തി പ്രകടിപ്പിച്ചു.









