കാലവര്‍ഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ ആൻഡ് നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യത. കാലവര്‍ഷം മെയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ തമിഴ്‌നാടിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ഛത്തീസ്ഗഢില്‍ നിന്ന് തെക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മറ്റൊരു ന്യുനമര്‍ദ്ദ പാത്തി മറാത്തുവാഡയില്‍ നിന്ന് തെക്കന്‍ തമിഴ് നാട് വഴി ചക്രവാത ചുഴിയിലേക്കു നീണ്ടുനില്‍ക്കുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ അടുത്ത 6 -7 ദിവസം ഇടി മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ അതി തീവ്രമായ മഴയ്ക്കും മെയ് 19 മുതല്‍ 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ / അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ സീസണിലെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ചു മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More: 19.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read More: ദക്ഷിണേന്ത്യയില്‍ എത്ര കാട്ടാനകൾ? കണക്കെടുപ്പ് 3 മാർഗങ്ങളിലൂടെ; മെയ് 23ന് തുടങ്ങും